കടുവാഭീതി: ചതിരൂർ നീലായ് പ്രദേശം സണ്ണി ജോസഫ് സന്ദർശിച്ചു
1509379
Thursday, January 30, 2025 12:52 AM IST
ഇരിട്ടി: കടുവാഭീതിയിലായ ആറളത്തെ ചതിരൂർ നീലായ് പ്രദേശം സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു. പ്രദേശവാസികളുടെ ഭയാശങ്കകൾ എത്രയും പെട്ടെന്ന് അകറ്റണമെന്നും ഫോറസ്റ്റ് വകുപ്പ് മന്ത്രിയോടും, വനംവകുപ്പ് ഉദ്യോഗസ്ഥരോടും, ജില്ലാ കളക്ടറോടും എംഎല്‍എ ആവശ്യപ്പെട്ടു. പ്രദേശത്തേക്ക് വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും നിലവിൽ പ്രദേശവാസികൾ വനത്തിൽനിന്ന് പൈപ്പ് വഴിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. പ്രദേശവാസികൾക്ക് കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ദുരന്തനിവാരണ നടപടികളുടെ ഭാഗമായി പ്രവർത്തികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കുമെന്ന് കളക്ടര്‍ അറിയിച്ചതായി സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം തുടരുന്നു
ചതിരൂർ നീലായ് പ്രദേശത്ത് ഇന്നലെ രാത്രി കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബിനോയി ചുണ്ടൻതടത്തിന്റെ വളർത്തുനായയെ കടുവ പിടിച്ചത്. തുടർന്ന് പ്രദേശവാസികൾ കൂടും കാമറയും സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പിരിഞ്ഞു പോകാതെ തടിച്ചുകൂടിയിരുന്നു . തുടർന്ന് മന്ത്രിയുടെ നിർദേശപ്രകരം കൂടും 10 കാമറകളും സ്ഥാപിച്ചത്. കൂടും കാമറയും സ്ഥാപിച്ചെങ്കിലും ഇന്നലെ രാത്രി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് 24 മണിക്കൂറും വനം വകുപ്പിന്റെ ശക്തമായ നിരീക്ഷണം തുടരുകയാണ്.