ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസർ വാക്സിൻ വികസിപ്പിക്കും: മന്ത്രി വീണാ ജോർജ്
1536076
Monday, March 24, 2025 6:07 AM IST
മാനന്തവാടി: ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസറിനുള്ള വാക്സിൻ സംസ്ഥാനത്ത് വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
നല്ലൂർനാട് കാൻസർ കെയർ സെന്ററിൽ സിടി സിമുലേറ്റർ സ്കാൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കാൻസർ ചികിത്സയ്ക്ക് 24 ആശുപത്രികൾ വികേന്ദ്രീകരിച്ചിട്ടുണ്ട്. നല്ലൂർനാട് കാൻസർ കെയർ സെന്ററിൽ വർഷം 5,500 കീമോതെറാപ്പിയും 600 റേഡിയേഷനുമാണ് ചെയ്യുന്നത്. ’ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ കാന്പയിനിന്റെ ഭാഗമായി ജില്ലയിൽ വനിതകൾക്കിടയിൽ നടത്തിയ കാൻസർ പരിശോധനയിൽ 76,000 പേർ പങ്കാളികളായി. പരിശോധനക്ക് വിധേയരായവരിൽ 18 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു.
കാന്പയിനിന്റെ ഭാഗമായി വരുംദിവസങ്ങളിൽ പുരുഷൻമാരിലും പരിശോധന നടത്തും. സിടി സിമുലേറ്റർ പ്രവർത്തന സജ്ജമാകുന്നതോടെ റേഡിയോ തെറാപ്പിയിൽ കൃത്യതയോടെ ചികിത്സ സാധ്യമാകും.
7.21 കോടിയുടെ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് നല്ലൂർനാട് കാൻസർ കെയർ സെന്ററിൽ സിടി സ്കാൻ സ്ഥാപിച്ചത്. സെന്ററിലെത്തുന്ന രോഗികൾക്ക് കാര്യണ്യ, ജൻ ഒൗഷധികളിലൂടെ വർഷം 4.5 കോടി രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കുത്തിവയ്പ്പ് ബ്ലോക്ക്,
തരിയോട്, പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രങ്ങായി ഉയർത്തൽ, പാക്കം, മുള്ളൻകൊല്ലി, കാപ്പുംകുന്ന്, ചുള്ളിയോട്, വരദൂർ, കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തൽ, ജില്ലയിലെ 55 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഓണ്ലൈനായി നിർവഹിച്ചു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. എ.സി. ബാലകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.