ലഹരിവിരുദ്ധ പോരാട്ടം: പ്രതിരോധസേന രൂപീകരിക്കുന്നു
1535702
Sunday, March 23, 2025 6:15 AM IST
കൽപ്പറ്റ: സ്നഹപൂർവം ആർസി സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുന്ന ചൂണ്ടേൽ ആർസി സ്കൂൾ പൂർവവിദ്യാർഥി, അധ്യാപക, അനധ്യാപക കൂട്ടായ്മ ലഹരി വിരുദ്ധ പോരാട്ടത്തിന് പ്രതിരോധസേന രൂപീകരിക്കുന്നു.
ലഹരിവസ്തുക്കളുടെ നിർമാണവും കടത്തും തടയുന്നതിനും ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനും രൂപീകരിക്കുന്ന സേന ഒരുമാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന് കൂട്ടായ്മ രക്ഷാധികാരി ആർസിഎച്ച്എസ് മുൻ പ്രധാനാധ്യാപകൻ പി.എ. ജോസഫ്, പ്രസിഡന്റ് പി.ഡി. മൈക്കിൾ, സെക്രട്ടറി എം. വേലായുധൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ജി. വിലാസിനി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സേന രൂപീകരണത്തിന് മുന്നോടിയായി ഇന്നു വൈകുന്നേരം നാലിന് ചുണ്ടേൽ പാരിഷ് ഹാളിൽ ജീവിതം തന്നെ ലഹരി എന്ന പേരിൽ സിന്പോസിയം നടത്തും.
കൽപ്പറ്റ സിവിൽ കോടതി ജഡ്ജ് അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്യും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിക്കും. ഡിവൈഎസ്പി പി.എൽ. ഷൈജു, അസി.എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി തുടങ്ങിയവർ പങ്കെടുക്കും. എൻഎംഎസ്എം ഗവ.കോളജ് അസി.പ്രഫ.ഷാജി തദ്ദേവൂസ് മോഡറേറ്ററാകും.
ആളുകളെ വായനയിലേക്ക് ആകർഷിക്കുന്നതിന് ചുണ്ടേൽ ടൗണിൽ ഗ്രന്ഥാലയം പ്രവർത്തിക്കുന്നുണ്ടെന്ന് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. ഫുട്ബോൾ മത്സരങ്ങൾ, കലാപ്രവർത്തനങ്ങൾ, ഗാനമേളകൾ എന്നിവ സംഘടിപ്പിച്ച ചെറുപ്പക്കാരെ കർമനിരതരാക്കുന്നതിലും കൂട്ടായ്മ സജീവമാണ്.