തലപ്പുഴയിൽ കടുവാ ഭീതിയിൽ പ്രദേശവാസികൾ : കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
1515046
Monday, February 17, 2025 5:24 AM IST
മാനന്തവാടി: തലപ്പുഴയിൽ ഭീതിപരത്തിയ കടുവയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. തലപ്പുഴ ക്ഷീരസംഘം ഓഫീസിലെ സിസിടിവിയിലാണ് ഇന്നലെ പുലർച്ചെ കടുവയുടെ ദൃശ്യം പതിഞ്ഞത്. പിലാക്കാവ് പഞ്ചാരകൊല്ലിയിൽ രാധയെ കടുവ കൊന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് തലപ്പുഴയിലും പരിസരപ്രദേശങ്ങളിലും ആളുകൾ പലതവണ കടുവയെ കണ്ടത്.
ഇന്നലെ രാവിലെ എട്ടോടെയാണ് തലപ്പുഴ ക്ഷീരസംഘം ഓഫീസിന്റെ പരിസരത്തു നിന്നും 50 മീറ്ററോളം അകലെ കെട്ടിട നിർമാണപ്രവൃത്തി നടക്കുന്ന ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
തുടർന്ന് തലപ്പുഴ ക്ഷീര സംഘം ഓഫീസിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇന്നലെ പുലർച്ചെ 4.45ന് കടുവ റോഡ് മുറിച്ചുകടന്ന് പോകുന്ന ദൃശ്യങ്ങൾ കണ്ടത്. ഇതോടെ ആളുകളും ഭീതിയിലായി. അടിയന്തരമായി കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തോട്ടം മേഖലയായതുകൊണ്ട് തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്.
കടുവയെ കണ്ടതോടെ വനംവകുപ്പും പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പശുത്തൊഴുത്തിൽ ലൈറ്റ് തെളിച്ചിടാൻ ശ്രദ്ധിക്കുക, അതിരാവിലെ യാത്ര ചെയ്യുന്നവർ കൂട്ടംകൂടി യാത്ര ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തോട്ടം തൊഴിലാളികൾക്കും വിദ്യാർഥികളുൾപ്പെടെയുള്ളവർക്കും ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
ഇതോടെ ഒരാഴ്ചക്കിടയിൽ മൂന്നു ഭാഗങ്ങളിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഒരാഴ്ച മുന്പ് തലപ്പുഴ കന്പിപ്പാലം, കാട്ടേരിക്കുന്ന് ഭാഗങ്ങളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം തലപ്പുഴ ഗോദാവരി കോളനി നിവാസികൾ കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും നേരിൽ കണ്ടിരുന്നു.