ബിജെപിക്ക് കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവകാശമില്ല: രാഷ്ട്രീയ ജനതാദൾ
1512004
Friday, February 7, 2025 5:30 AM IST
മാനന്തവാടി: ബിജെപിക്ക് കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവകാശമില്ലെന്നും കേന്ദ്രം കേരളത്തിന് നൽകേണ്ട അവകാശങ്ങൾ വാങ്ങിയെടുക്കാൻ ഇവർ ഒന്നും ചെയ്യുന്നില്ലെന്നും രാഷ്ട്രീയ ജനതാദൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രളയം ഉണ്ടായപ്പോൾ അന്ന് നൽകിയ ഭക്ഷണ കിറ്റിന് പണം തിരികെ ചോദിച്ചു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി സന്ദർശനം നടത്തി വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടപ്പായില്ല. 2025 ലെ ദേശീയ ബജറ്റിൽ കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.
രഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാകണം. എന്നാൽ ബിജെപിയുടെ അജണ്ട കേരളത്തെ ഇന്ത്യയിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ്. സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന അധ്യക്ഷൻ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കേരളത്തോട് മാപ്പ് പറയണം. ജില്ലാ വൈസ് പ്രസിഡന്റ് അസീസ് മാനന്തവാടി, രാജൻ ഒഴക്കോടി, കെ. ബാലൻ എന്നിവർ സംബന്ധിച്ചു.