വരൾച്ചയും കൃഷിനാശവും; കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന്
1497353
Wednesday, January 22, 2025 6:23 AM IST
പുൽപ്പള്ളി: കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് സാന്പത്തിക വർഷം തീരാനായിട്ടും യാതൊരുവിധ സഹായങ്ങളും നൽകാൻ കൃഷിവകുപ്പും സർക്കാരും തയാറാകാത്തതിൽ കത്തോലിക്ക കോണ്ഗ്രസ് മുള്ളൻകൊല്ലി ഫൊറോന കമ്മിറ്റി പ്രതിക്ഷേധിച്ചു.
വരൾച്ചയെ തുടർന്ന് വലിയ കൃഷിനാശമുണ്ടായ മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ മന്ത്രിമാരും ഉന്നതവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയിരുന്നു. കൃഷിഭവൻ മുഖാന്തിരം അപേക്ഷകൾ സ്വീകരിക്കുകയും ഉദ്യോഗസ്ഥർ കൃഷിയിടങ്ങൾ പരിശോധിച്ച് കുരുമുളക്, കാപ്പി, കമുക്, തെങ്ങ്, വാഴ എന്നിവയുടെ നഷ്ടത്തിന്റെ കണക്കുകൾ ശേഖരിച്ചതല്ലാതെ കൃഷിക്കാർക്ക് നയാ പൈസ നഷ്ടപരിഹാരമായി നാളിതുവരെ കൊടുത്തിട്ടില്ല.
കൃഷിക്കാർക്ക് കൊടുക്കുവാൻ ഫണ്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിന്നെന്തിനാണ് കൃഷിവകുപ്പും വകുപ്പിന് മന്ത്രിയും എന്നാണ് കർഷകരുടെ ചോദ്യം. വന്യമൃഗശല്യത്തിനൊപ്പം കാലാവസ്ഥ വ്യതിയാനം കൂടിയായതോടെ കാർഷികമേഖലയാകെ തകർന്നിരിക്കുകയാണ്. ഒപ്പം വിളവെടുപ്പ് സമയമായതോടെ തൊഴിലാളി ക്ഷാമവും കർഷകരെ വലയ്ക്കുന്നുണ്ട്.
കൃഷി അന്യംനിന്നു പോകുന്ന സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. മേഖല ഡയറക്ടർ ഫാ. ജയിംസ് പുത്തൻപറന്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു.
ഡോ.കെ.പി. സാജു, ബീന കരുമാംകുന്നേൽ, തോമസ് പാഴൂക്കാല, ജോർജ് കൊല്ലിയിൽ, ബ്രിജേഷ് കാട്ടാംകോട്ടിൽ, ജോസ് പള്ളത്ത്, സി.പി. ജോയി, ഷിനോയി തുണ്ടത്തിൽ, കെ.എൽ. ജോണി, സജി നന്പുടാകം തുടങ്ങിയവർ പ്രസംഗിച്ചു.