ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമാക്കി
1497352
Wednesday, January 22, 2025 6:23 AM IST
26 മുതലാണ് നിരോധനം ഏർപ്പെടുത്തുന്നത്
കൽപ്പറ്റ: ജില്ലയിൽ ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമായി നടപ്പാക്കുമെന്ന് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ജില്ലയിൽ രൂപപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, ജലാശയങ്ങൾ, വനപ്രദേശം, വിനോദസഞ്ചാര കേന്ദ്രങ്ങൾ മലിനമാക്കുന്നത് തടയുകയാണ് ലക്ഷ്യം.
26 മുതൽ ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനകളുടെ സംയുക്ത സഹകരണത്തോടെയാണ് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുകളുടെ നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗങ്ങളുടെ പരിശോധന ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ഉറപ്പാക്കുമെന്നും കളക്ടർ അറിയിച്ചു.
ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധിക്കുന്പോൾ ചാക്ക്, തുണി സഞ്ചി, പേപ്പർ ബാഗ്, ബയോ കന്പോസ്റ്റിംഗ് കാരി ബാഗുകൾ, സ്റ്റീൽ, പുനരുപയോഗിക്കാൻ സാധിക്കുന്ന സ്ട്രോ, സ്പൂണ്, സ്റ്റീൽ പ്ലേറ്റുകൾ, വാഴയില, വാട്ടർ കിയോസ്ക്കുകൾ, ബ്രാൻഡഡ് വൗച്ചറുകൾ, ജ്യൂസ് കുപ്പികൾ, പോളി എത്തിലീൻ, തുണികൾ എന്നിവ പകരമായി ഉപയോഗിക്കാം.
പ്ലാസ്റ്റിക് കൊണ്ടുള്ള മിഠായി സ്റ്റിക്ക്, ഇയർ ബഡ്സ്, ഐസ്ക്രീം സ്റ്റിക്ക്, പ്ലാസ്റ്റിക് സ്റ്റിക്കുള്ള ബലൂണുകൾ, പ്ലാസ്റ്റിക് കവറിംഗോടെയുള്ള മിഠായി ബോക്സുകൾ, ക്ഷണക്കത്തുകൾ സിഗരറ്റ് ബോക്സ് എന്നിവയും നിരോധിക്കും.
കർണ്ണാടക, തമിഴ്നാട് ജില്ലകളുമായി അതിർത്തി പങ്കിടുന്നതിനാലും കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലെത്തുന്നതിനാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കാൻ ജില്ലയിൽ സാധ്യത കൂടുതലാണ്. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രധാന റോഡ് വശങ്ങളിലും രൂപപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യുകയാണ് പ്ലാസ്റ്റിക് വിമുക്ത ജില്ലയിലൂടെ ലക്ഷ്യമാക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളെ ശുചിത്വ മികവിലെത്തിക്കുന്നതിലൂടെ സന്പൂർണ ഹരിത ടൂറിസം കേന്ദ്രങ്ങളായി സംരക്ഷിക്കാനും കാന്പയിനിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നിന്നും സ്വയംതൊഴിൽ പരിശീലനം ലഭിച്ച വനിതകൾ നിർമിക്കുന്ന തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ സ്ഥാപനങ്ങളിലേക്ക് വാങ്ങാവുന്നതാണ്.
കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽകുമാർ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. ഹർഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ ബി. അഭിലാഷ് എന്നിവർ പങ്കെടുത്തു.