ഉരുൾ ദുരന്തം: സ്വതന്ത്ര കർഷക സംഘം കോട്ടപ്പടി വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി
1484290
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരിലെ കൃഷിക്കാരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുടെ അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു സമരം. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ഉരുൾ ദുരന്തത്തിൽ 110 ഹെക്ടർ കൃഷിയിടം നശിച്ചു. 25 ഹെക്ടറിൽ മണ്ണൊലിപ്പും 165 ഹെക്ടറിൽ വിളനാശവും ഉണ്ടായി.
65 കോടി രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയിൽ കണക്കാക്കിയത്. എങ്കിലും കൃഷിക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്.
കൃഷി ഭൂമി നശിച്ചവർക്ക് പകരം ഭൂമി നൽകുക, എസ്ഡിആർഎഫ് സഹായത്തിന് അപേക്ഷിച്ച 411 കർഷകർക്ക് നഷ്ടപരിഹാരം നൽകുക, വിളനാശവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് സ്വീകരിച്ച അപേക്ഷകളിൽ തീരുമാനമെടുത്ത് സഹായധനം നൽകുക, ഉരുൾ ബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, ഉരുൾ മേഖലയിൽനിന്ന് ശേഖരിച്ച ഉത്പന്നങ്ങൾ അവകാശികൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സി. ഷിഹാബ്, ടി. അഷ്റഫ്, കല്ലിടുന്പൻ ഹംസ ഹാജി, എം. അന്ത്രു ഹാജി, ഷംസുദ്ദീൻ ബിദർക്കാട്, മായൻ മുതിര, തന്നാണി അബൂബക്കർ ഹാജി, ലത്തീഫ് അന്പലവയൽ, അലവി വടക്കേതിൽ, സി. മമ്മു ഹാജി, സി. മുഹമ്മദ്, കാസിം ഹാജി, ഖാലിദ് വേങ്ങൂർ, അസീസ് കരേക്കാടൻ, സലീം കേളോത്ത്, സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് സെക്രട്ടറി കെ.ടി. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
എംസിവൈഎം
നിരാഹാര സമരം നടത്തി
സുൽത്താൻ ബത്തേരി: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിന് നാലുമാസം പിന്നിട്ടിട്ടും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകാത്ത കേരള-കേന്ദ്ര ഗവണ്മെന്റുകളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബത്തേരി രൂപത യുവജനപ്രസ്ഥാനമായ എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നിരാഹാരം അനുഷ്ഠിച്ചു. ബത്തേരി കത്തീഡ്രൽ ദേവാലയിൽ നിന്നു ആരംഭിച്ച യുവജന പ്രതിഷേധ റാലി സ്വതന്ത്ര മൈതാനിയിൽ സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.സമരം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയല്ലെന്നും പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ഇരകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തതും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ ആശ്വാസ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുന്നതിനുമാണ്.
സർക്കാർ എത്രയുംവേഗം സത്വര നടപടികൾ എടുത്തില്ലെങ്കിൽ കത്തോലിക്കസഭയുടെ മറ്റു യുവജന സംഘടനകൾകൂടി സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതരാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് പറഞ്ഞു.എംസിവൈഎം ബത്തേരി രൂപത ഡയറക്ടർ ഫാ. ഗർവ്വാസീസ് മീത്തിൽ അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി രൂപത മുഖ്യ വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കീഴ്പ്പള്ളിൽ കോർ എപ്പിസ്കോപ്പ, ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടോം ജോസ്, വിജയൻ മഠത്തിൽ, ജെ.എം.ജെ. മനോജ്, യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, ബത്തേരി എസ്ഐസി പ്രൊവിൻഷ്യൽ കൗണ്സിലറും സെക്രട്ടറിയുമായ സിസ്റ്റർ കിരണ് എസ്ഐസി, ബത്തേരി മേഖല എസിഎ പ്രസിഡന്റ് ചെറിയാൻ മഠത്തിൽ, എംസിവൈഎം ബത്തേരി രൂപത പ്രസിഡന്റ് എബി ഏബ്രഹാം, എംസിവൈഎം ബത്തേരി രൂപത ജനറൽ സെക്രട്ടറി അഞ്ജിത റെജി എന്നിവർ പ്രസംഗിച്ചു.