ആലത്തൂർ-സുരഭിക്കവല റോഡിലെ കുഴികൾ ശ്രമദാനമായി നന്നാക്കി
1483988
Tuesday, December 3, 2024 4:56 AM IST
പുൽപ്പള്ളി: സുരഭി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ റോഡ് ശ്രമദാനമായി നന്നാക്കി. നിത്യേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സുരഭിക്കവല - ആലത്തൂർ റോഡാണ് നന്നാക്കിയത്. റോഡിന്റെ പല ഭാഗങ്ങളും തകർന്ന് കുഴികളായി കിടക്കുന്നതുമൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരമായി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് റോഡിലെ കുഴികൾ അടയ്ക്കുകയും കാട് മൂടികിടന്ന റോഡിന്റെ ഇരു ഭാഗങ്ങളും വെട്ടി തെളിയിക്കുകയും ചെയ്തു.
റോഡിന്റെ ഇരുഭാഗങ്ങളിലും കാട് മുടി കിടക്കുന്നതുമൂലം ഇതുവഴി വാഹനങ്ങൾ വരുന്പോൾ കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്നാണ് ക്ലബ് അംഗങ്ങൾ ശ്രമദാനം നടത്തിയത്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ ഇരുഭാഗങ്ങളിലുള്ള കുടുബാംഗങ്ങളും ശ്രമദാനത്തിൽ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രബാബു, പ്രദീഷ് കുമാർ, യതീന്ദ്രജിത്ത്, ജോണി പനച്ചിക്കൽ, സുനിൽ പാലമറ്റം, ജോബിഷ് ജോർജ്, അനുശ്രീ, ദിപിൻ മോഹൻ, അച്ചാമ്മ, രാജൻ കുറ്റിവേലിക്കുഴി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം അംഗങ്ങളാണ് ശ്രമദാനത്തിൽ പങ്കാളികളായത്.