എൽസ്റ്റൺ, ഹാരിസണ്‍ ഭൂമി വിലയ്ക്കുവാങ്ങുന്നതിനെതിരേ കോടതിയെ സമീപിക്കുമെന്ന് സിപിഐ-എംഎൽ
1461413
Wednesday, October 16, 2024 4:56 AM IST
പുഞ്ചിരിമട്ടം ഉരുൾ ദുരന്തം: സ്ഥിരം പുനരധിവാസം പ്രതിസന്ധിയിലേക്ക്
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ സ്ഥിരം പുനരധിവാസം പ്രതിസന്ധിയിലേക്ക്. പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പിന് സർക്കാർ കണ്ടെത്തിയ കൽപ്പറ്റ എൽസ്റ്റൺ, മേപ്പാടി നെടുന്പാല എസ്റ്റേറ്റുകളുടെ ഭാഗം സർക്കാർ വിലയ്ക്കുവാങ്ങുന്നതിനെതിരേ സിപിഐ-എംഎൽ ജില്ലാ കമ്മിറ്റി രംഗത്തുവന്നു.
സ്വകാര്യ മാനേജ്മെന്റുകളുടെ കൈവശത്തിലുള്ള നെടുന്പാല, എൽസ്റ്റണ്‍ എസ്റ്റേറ്റുകൾ യഥാർഥത്തിൽ സർക്കാരിൽ നിക്ഷിപ്തമാകേണ്ട ഭൂമിയാണെന്നും ഇത് വിലയ്ക്കെടുക്കുന്നതിനു പകരം പിടിച്ചെടുത്ത് ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഐ-എംഎൽ ജില്ലാ സെക്രട്ടറി സാം പി. മാത്യു, മറ്റു ഭാരവാഹികളായ പി. സുകുമാരൻ, പി.വി. തോമസ്, പി.യു. ജോഷി, എം.കെ. അജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭൂമി വിലയ്ക്കുവാങ്ങുന്നതിനു നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ കോടതിയെ സമീപിക്കുമെന്ന് അവർ വ്യക്തമാക്കി. പാട്ടക്കാലാവധി കഴിഞ്ഞതും സർക്കാരിൽ നിക്ഷിപ്തമാകേണ്ടതുമായ ഭൂമിയാണ് നെടുന്പാലയിൽ ഹാരിസണ്‍ മലയാളം കന്പനിയുടെ കൈവശത്തിലുള്ളത്. ഹാരിസണ്‍ മാനേജ്മെന്റിന്റെ കൈവശത്തിലുള്ള തോട്ടം ഭൂമി വർഷങ്ങൾ മുൻപ് സർക്കാരിൽ നിക്ഷിപ്തമാകേണ്ടതാണെന്ന് സജിത് ബാബു,
ജസ്റ്റിസ് മനോഹരൻ, നിവേദിത പി. ഹരൻ കമ്മീഷനുകളും അഡ്വ. സുശീല ഭട്ടും സർക്കാരിന് റിപ്പോർട്ട് നൽകിയതാണ്. സർക്കാർ നിയോഗിച്ചതനുസരിച്ചാണ് കമ്മീഷനുകൾ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഏറ്റവും ഒടുവിൽ എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിലും ഹാരിസണ്‍ കന്പനി അനധികൃതമായാണ് ഭൂമി കൈവശം വയ്ക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.
2008 സെപ്റ്റംബർ 18ന് വൈത്തിരി തഹസിൽദാർ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് നൽകിയ കത്തിൽ ഹാരിസണ്‍ കന്പനിക്ക് നെടുന്പാലയിൽ ഒരിഞ്ച് ഭൂമി പോലും ഇല്ലെന്നാണ് പറയുന്നത്.
കൽപ്പറ്റയ്ക്കടുത്ത് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമി ഉൾപ്പെടുന്ന എസ്റ്റേറ്റ് സർക്കാരിൽ നിക്ഷിപ്തമാകേണ്ടതും അനധികൃത കൈമാറ്റങ്ങളിലൂടെ നിലവിലെ മാനേജ്മെന്റിന്റെ കൈവശത്തിൽ എത്തിയതുമാണ്. ഉടമാവകാശത്തർക്കമുള്ളതുമാണ് ഈ ഭൂമി. പുനരധിവാസത്തിന് നെടുന്പാല, എൽസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി വിലയ്ക്കുവാങ്ങുന്നത് തടയുന്നതിന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് ഇ മെയിൽ മുഖേനയും രജിസ്റ്റർ ചെയ്ത് തപാലിലൂടെയും കത്ത് അയച്ചിട്ടുണ്ട്.
നെടുന്പാല, എൽസ്റ്റണ്‍ എസ്റ്റേറ്റുകൾ മതിയായ നടപടികളിലൂടെ പിടിച്ചെടുത്ത് ഉപയോഗപ്പെടുത്താൻ സർക്കാർ തയാറാകണം. ഇതിനു കഴിയുന്നില്ലെങ്കിൽ ടൗണ്‍ഷിപ്പ് പദ്ധതിയിൽനിന്നു പിൻമാറണം. സ്വന്തമായി ഭൂമി കണ്ടെത്താനും വീട് നിർമിക്കാനും ദുരന്തബാധിത കുടുംബങ്ങളെ അനുവദിക്കണം. ഇതിനാവശ്യമായ സാന്പത്തിക പിന്തുണ സർക്കാർ സമയബന്ധിതമായി നൽകണമെന്നും സിപിഐ-എംഎൽ നേതാക്കൾ പറഞ്ഞു.