നൂറുവർഷം പഴക്കമുള്ള പൈങ്ങാട്ടിരി സ്ക്കൂളിന് സ്വന്തമായി കളിസ്ഥലമായില്ല
1460464
Friday, October 11, 2024 5:20 AM IST
മാനന്തവാടി: നൂറുവർഷം പഴക്കമുള്ള ഇടവക പഞ്ചായത്തിലെ പൈങ്ങാട്ടിരി സ്ക്കൂളിന് ഇന്നും സ്വന്തമായി കളിസ്ഥലമില്ല. കായികമത്സരങ്ങൾ റോഡിൽ നടത്തേണ്ട അവസ്ഥയാണ്. പൈങ്ങാട്ടിരി ഗ്രാമത്തിലെ വീടുകളുടെ വരാന്തയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.
പ്രദേശവാസിയായ സുബ്രഹ്മണ്യ അയ്യർ സൗജന്യമായി നൽകിയ 29 സെന്റ് സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് 1908 ലാണ് സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത്.
പഠിതാക്കൾ ഭൂരിഭാഗവും ഗോത്ര മേഖലയിൽ നിന്നുള്ളവരാണ്. അക്കാദമിക കാര്യങ്ങളിൽ ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടും ഭൗതിക സാഹചര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് സ്കൂൾ.
വർഷങ്ങളായി കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി കായിക മത്സരങ്ങൾ നടത്തുന്നത് താഴയങ്ങാടി പൈങ്ങാട്ടിരി റോഡിലാണ്. വാഹനങ്ങൾ കടന്ന് പോകുന്പോൾ മത്സരങ്ങൾ നിർത്തിവയ്ക്കും.
നൂറ് വർഷത്തിലധികം പിന്നിട്ട സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടികളില്ലാത്തതും കായിക പരിശീലനത്തിനും വിനോദത്തിനും ഗ്രൗണ്ടില്ലാത്തത് കുട്ടികളുടെ പഠനത്തെപോലും പ്രതികൂലമായി ബാധിക്കുമെന്ന് അധ്യാപകർ പറഞ്ഞു.