മേപ്പാടി ഗവ.സ്കൂൾ ഗ്രൗണ്ട് നന്നാക്കി
1459497
Monday, October 7, 2024 6:10 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ പൊട്ടലിനെത്തുടർന്ന് ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിപ്പിച്ചതോടെ തകരാറിലായ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കളിസ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഉപയോഗ്യയോഗ്യമാക്കി.
ഉരുൾ പൊട്ടലിൽ പരിക്കേറ്റവരെയും മരണപ്പെട്ടവരെയും എത്തിച്ച മേപ്പാടി ഗവ.ആശുപത്രിക്കും മോർച്ചറി പ്രവർത്തിച്ച എപിജെ ഹാളിനും സമീപമാണ് സ്കൂൾ ഗ്രൗണ്ട്.
ആംബുലൻസുകളും വിവിധ വകുപ്പുകളുടെ വാഹനങ്ങളും മറ്റും ഗ്രൗണ്ടിലാണ് പാർക്ക് ചെയ്തിരുന്നത്. വലിയ വാഹനങ്ങൾ കയറിയിറങ്ങി ഗ്രൗണ്ടിൽ പല സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു. ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കാൻ പറ്റാത്ത അവസ്ഥയിലായി.
ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഗ്രൗണ്ട് നന്നാക്കാൻ വ്യാപാരി ഏകോപന സമിതി തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയി, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ,
ട്രഷറർ നൗഷാദ് കരിന്പനക്കൽ, മേപ്പാടി യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് ലാൻഡ്മാർക്ക്, റഫീഖ് ട്രൻഡ്സ് എന്നിവർ നേതൃത്വം നൽകി. ഗ്രൗണ്ട് സന്ദർശിച്ച ടി. സിദ്ദിഖ് എംഎൽഎ സമിതി ജില്ലാ നേതൃത്വത്തെ അഭിനന്ദിച്ചു.