പ്രതീക്ഷയോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം
1458158
Tuesday, October 1, 2024 8:36 AM IST
മാനന്തവാടി: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പുനരാരംഭിക്കാനുള്ള ഹൈക്കോടതി തീരുമാനം ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകുന്നതോടൊപ്പം ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി പേർക്കും ആശ്വാസമായി മാറും. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നത് വയനാടൻ ടൂറിസത്തിനു വലിയ പ്രതിസന്ധിയായി മാറിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടക വനത്തിൽ നിന്നെത്തിയ ’ബേലൂർ മഖ്ന’ ഒരാളെ കൊന്നതാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതിനു കാരണമായത്. ഈ ആനയെ കർണാടക വനത്തിലേക്ക് തുരത്തിയെങ്കിലും ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ അനിശ്ചിതത്വത്തിലായിരുന്നു.
തോല്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരിയാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന ആകർഷണം. സൂചിപ്പാറ വെള്ളച്ചാട്ടം, ബാണസുര മീൻമുട്ടി വെള്ളച്ചാട്ടം, തലപ്പുഴ മുനീശ്വരൻകുന്ന്, ബ്രഹ്മഗിരി ട്രക്കിംഗ്, വെള്ളമുണ്ട ചിറപ്പുല്ല് ട്രക്കിംഗ്, മക്കിയാട് മീൻമുട്ടി വെള്ളച്ചാട്ടം, ചെന്പ്ര മലകയറ്റം എന്നിവയാണ് വനം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
കുറുവാ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടും ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിട്ടും ഏഴ് മാസം പിന്നിട്ടിരുന്നു. സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഇപ്പോൾ ഹൈക്കോടതി അനുമതി നൽകിയത്.
ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് പറഞ്ഞു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി കുറുവ ദ്വീപ് സന്ദർശിക്കാൻ എത്തിയതായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സംഘം.
സന്ദർശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ അറിയിച്ചു. കേന്ദ്രങ്ങൾ തുറക്കുന്നത് സംബസിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.