നവീകരിച്ച മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടം അടർന്നു വീഴുന്നു: കണ്ണടച്ച് അധികൃതർ
1458152
Tuesday, October 1, 2024 8:36 AM IST
മാനന്തവാടി: നവീകരിച്ച മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം വീണ്ടും പൊട്ടിപൊളിഞ്ഞ് അടർന്ന് വീഴുന്നു. അടർന്നു വീഴുന്നത് തടയാനായി നെറ്റ് കെട്ടിയതിനാൽ വൻ അപകടമാണ് ഒഴിവാകുന്നത്.
സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നാല് പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം കഴിഞ്ഞ വർഷം നവീകരിച്ച് വാടകയ്ക്ക് കൊടുക്കാൻതയ്യാറാക്കിയിരുന്നു.
ഈകെട്ടിടമാണ് വീണ്ടും അടർന്നു വീണു കൊണ്ടിരിക്കുന്നത്. കെട്ടിടത്തിന്റെ മൂന്നാം നില ഏത് നിമിഷംവും വീഴുമെന്ന നിലയിലാണ്. ഇതിന്പുറമെ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡും മറ്റും അടർന്നു വീഴുന്ന അവസ്ഥയിലാണ്. ഇത് താഴേക്ക് പതിക്കാതിരിക്കാൻ ഇരുന്പു നെറ്റ് കൊണ്ട്സംരക്ഷണമൊരുക്കിയിരിക്കുന്നതിനാലാണ് അപകടം ഒഴിവാകുന്നത്.
റൂഫ് ടോപ്പ് ഇട്ട ഷീറ്റും കന്പിയും ദ്രവിച്ച് പോളിഞ്ഞു വലിയ കാറ്റ് വന്നാൽ താഴേക്കു പതിക്കും. മുൻ വർഷങ്ങളിൽ ഇത് താഴേക്ക് വീണ സംഭവവും ഉണ്ടായിട്ടുണ്ട്. അപകടനിലയിലുള്ള കെട്ടിടം നവീകരിക്കുന്നത് ഉപേക്ഷിച്ച് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റി സുരക്ഷിതമായ കെട്ടിടം നിർമിച്ചില്ലെങ്കിൽ കെട്ടിടത്തിന്റെ ബലക്ഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എച്ച്ആർപിസി നേതാക്കൾ അറിയിച്ചു.