കൽപ്പറ്റയിൽ തെരുവുനായ് ശല്യം വർധിച്ചു
1457808
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം വർധിച്ചു. നിരവധി നായ്ക്കളാണ് തെരുവിൽ കൂട്ടമായി അലഞ്ഞുതിരിയുന്നത്.
പത്തും പതിനഞ്ചും നായകൾ അടങ്ങുന്നതാണ് ഓരോ കൂട്ടവും. പിണങ്ങോട് ജംഗ്ഷൻ, പുതിയ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ് പരിസരം എന്നിവ തെരുവുനായ്ക്കളുടെ പ്രധാന താവളങ്ങളാണ്. സംഘങ്ങളായി നഗരത്തിൽ തലങ്ങും വിലങ്ങും ഓടുകയും വിശ്രമിക്കുകയും ചെയ്യുന്ന നായകൾ ആളുകളിൽ ഭീതി സൃഷ്ടിക്കുകയാണ്. നായകളുടെ ആക്രമണം ഭയന്നാണ് കുട്ടികളും മുതിർന്നവരും അടക്കം നഗരത്തിൽ കാൽനടയായി സഞ്ചരിക്കുന്നത്.
ഇരുചക്ര വാഹന യാത്രക്കാരും ഭയത്തിലാണ്. തെരുവുനായ് പ്രശ്നത്തിനു അടിയന്തര പരിഹാരം കാണണമെന്ന് കൽപ്പറ്റ പൗരസമിതി മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു.
ടൗണ്‍ ഹാൾ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവും ഉനനയിച്ചു. നവീകരണത്തിന് നാലു വർഷം മുൻപ് പൊളിച്ച ടൗണ്‍ ഹാൾ ഇനിയും നിർമിക്കാത്തതിലൂടെ നഗരസഭാധികൃതരുടെ കെടുകാര്യസ്ഥതയാണ് പ്രകടമാകുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജോണി കൈതമറ്റം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. ഉമ്മർ, പി.കെ.എസ്. നായർ, ഇ. ശങ്കരൻ, എസ്. ഷമീർ എന്നിവർ പ്രസംഗിച്ചു.