യുവമോർച്ച കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1454380
Thursday, September 19, 2024 5:45 AM IST
കൽപ്പറ്റ: യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ മറവിൽ സംസ്ഥാന സർക്കാർ ഫണ്ട് തട്ടിപ്പിനു ശ്രമിക്കുന്നുവെന്ന് ആരോപിച്ചും അതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ പുറത്തായതോടെ ന്യായീകരണ ക്യാപ്സൂളുകളുമായി മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം ഇറങ്ങിയിരിക്കയാണെന്നു അദ്ദേഹം പറഞ്ഞു. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപ ചെലവ് കണക്കാക്കിയ സർക്കാർ മരിച്ചവരോടുള്ള അനാദരവാണ് പ്രകടമാക്കിയത്.
ദുരന്തമുഖത്ത് പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിച്ച സന്നദ്ധസേവകരെ അപമാനിച്ചാണ് വോളണ്ടിയർ സംവിധാനത്തിന് കോടിക്കണക്കിനു രൂപയുടെ ചെലവ് കാണിച്ചതെന്നും പ്രശാന്ത് പറഞ്ഞു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ. ശരത്കുമാർ അധ്യക്ഷത വഹിച്ചു. പി.ജി. ആനന്ദ്കുമാർ, എം.പി. സുകുമാരൻ, ടി.എം. സുബീഷ്, അരിമുണ്ട സുരേഷ്, ആരോട രാമചന്ദ്രൻ, മനോജ് വി. നരേന്ദ്രൻ, എം.ആർ. രാജീവ്, എൻ.എൻ. മനോജ്കുമാർ, ഗ്രീക്ഷിത്ത് അന്പാടി എന്നിവർ പ്രസംഗിച്ചു.