എഴുത്തുപാറ സംരക്ഷണം തേടുന്നു
1454351
Thursday, September 19, 2024 4:39 AM IST
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: തൊവരിമലയിലെ എഴുത്തുപാറ സംരക്ഷണം തേടുന്നു. ലോകപ്രശസ്തമായ എടക്കൽ ഗുഹയുടെ സമീപത്തുള്ള എഴുത്തുപാറയുടെ പരിസരം കാടുപിടിക്കുകയാണ്. നാശം നേരിടുകയാണ് എഴുത്തുപാറയിലെ ചിത്രങ്ങൾ. എടക്കൽ ഗുഹാചിത്രങ്ങളേക്കാൾ പഴക്കമുള്ളതാണ് എഴുത്തുപാറയിലെ ചിത്രങ്ങൾ.
അന്പുംവില്ലും ഏന്തിയ മനുഷ്യരൂപം, മാന്ത്രിക ചതുരം, മൃഗത്തിന്റേതുപോലുള്ള ചിത്രങ്ങൾ എന്നിവ എഴുത്തുപാറയിൽ കാണാം. ഒരു സെന്റീ മീറ്ററിൽ താഴെ വീതിയും ആഴവുമുള്ളതാണ് എഴുത്തുപാറയിലെ ചിത്രങ്ങൾ.
ചരിത്രകാരൻമാരുടെയും പ്രകൃതിസ്നേഹികളുടെയും നിരന്തര ശ്രമമാണ് എടക്കൽ ഗുഹയുടെ സംരക്ഷണം ഒരളവോളം സാധ്യമാക്കിയത്. എന്നാൽ തൊവരിമലയുടെ കാര്യത്തിൽ അതുണ്ടായില്ല. 1980കളിൽ ഡോ.എം.ആർ. രാഘവവാര്യരുടെ നേതൃത്വത്തിൽ ചരിത്രകാരൻമാരുടെ സംഘം തൊവരിമലയിലെത്തി പഠനം നടത്തുകയും എഴുത്തുപാറ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തെങ്കിലും പ്രത്യേകഫലം ഉണ്ടായില്ല.
എഴുത്തുപാറയെ സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വനം വകുപ്പിന്റെ കൈവശത്തിലാണ് എഴുത്തുപാറ ഉൾപ്പെടുന്ന പ്രദേശം. മലയാളം പ്ലാന്റേഷന്റെ അധീനതയിലായിരുന്ന ഭൂമി വനം വകുപ്പ് പിടിച്ചെടുത്ത് സംരക്ഷിക്കുകയായിരുന്നു.
2006 വരെ എഴുത്തുപാറയിൽ സന്ദർശകർ എത്തിയിരുന്നു. എസ്റ്റേറ്റിലൂടെയുള്ള വഴി അടച്ചതോടെയാണ് തൊവരിമലയിൽ എത്തുന്ന ആളുകളുടെ എണ്ണം നാമമാത്രമായത്. എഴുത്തുപാറയ്ക്കു സമീപം കുറഞ്ഞത് 60 പേർക്ക് ഇരിക്കാവുന്ന പരന്ന പാറയുണ്ട്. ഗതകാലത്ത് തൊവരിമലയിൽ ജീവിച്ചിരുന്നവർ സമ്മേളിച്ചിരുന്നത് ഈ പാറയിലാണെന്നാണ് അനുമാനം. ഈ പാറയും നാശം അഭിമുഖീകരിക്കുകയാണ്.