പാടങ്ങൾ പച്ചപ്പണിഞ്ഞു; ചേകാടിയിൽ സന്ദർശകത്തിരക്കേറി
1453869
Tuesday, September 17, 2024 7:02 AM IST
പുൽപ്പള്ളി: പാടങ്ങൾ പച്ചപ്പണിഞ്ഞതോടെ വയനാട് പുൽപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ചേകാടിയിൽ സന്ദർശകത്തിരക്കേറി. 200 ഏക്കറിലായി പരന്നുകിടക്കുന്ന ചേകാടിയിലെ നെൽവയലുകളുടെ മനോഹാരിത ആസ്വദിക്കാൻ ദിനേന നൂറുകണക്കിനു ആളുകളാണ് എത്തുന്നത്. മൂന്നു വശങ്ങളിൽ വനവും ഒരു വശത്തു കബനി നദിയും അതിരിടുന്ന ഗ്രാമമാണ് ചേകാടി.
ജില്ലയിൽ സുഗന്ധ നെല്ലിനമായ ഗന്ധകശാല ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ചേകാടിയിലാണ്. നെല്ല് വളർന്നുതുടങ്ങിയതോടെ പച്ചക്കടൽ പോലെ പരന്നുകിടക്കുകയാണ് ചേകാടിയിലെ പാടങ്ങൾ.
പഞ്ചായത്തിൽ ഏറ്റവുമധികം ഗോത്രകർഷകരുള്ളതും ഈ ഗ്രാമത്തിലാണ്. ഗന്ധകശാലയ്ക്കൊപ്പം പരന്പരാഗത നെല്ലിനമായ വലിച്ചൂരിയും ചേകാടിയിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ലാഭനഷ്ടം നോക്കാതെയാണ് ചേകാടിയിലെ കർഷകർ പതിറ്റാണ്ടുകളായി നെൽക്കൃഷി ചെയ്യുന്നത്. പാടങ്ങളുടെ മനോഹരിതയും ഏറുമാടങ്ങളും കബനി നദിയും പാലവും വനത്തിലൂടെയുള്ള യാത്രയുമാണ് സഞ്ചാരികളെ ചേകാടിയിലേക്ക് ആകർഷിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന ചേകാടിയിൽ പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ നെൽക്കൃഷിയിറക്കുന്നത്.
കെ.ജെ. ജോബി