ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു
1452978
Friday, September 13, 2024 4:43 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങൾക്കായി കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു.
സീഡ്സ് ഏജൻസിയുമായി സഹകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 133 കുടുബങ്ങൾക്കാണ് കിറ്റ് നൽകിയത്. കിടക്ക, ബെഡ്ഷീറ്റ്, തലയിണ, പാത്രങ്ങൾ, ബക്കറ്റുകൾ, കുക്കർ, ഗ്ലാസ്, പ്ലേറ്റ്, കൊതുകുവല, സോളാർ ടോർച്ച്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് പൗഡർ എന്നിങ്ങനെ 9,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്.
കിറ്റ് വിതരണത്തിന് തെരഞ്ഞെടുത്ത കുടുബങ്ങളുടെ അക്കൗണ്ടിൽ 9,500 രൂപ വീതം ലഭ്യമാക്കുന്നുണ്ട്. മേപ്പാടി സെന്റ് ജോസഫ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത പ്രൊക്യൂറേറ്റർ ഫാ.ജോസ് കൊച്ചറക്കൽ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, സീഡ്സ് സീനിയർ മാനേജർ സലേക്ക് ഗിഹോൾട്ട് എന്നിവർ പ്രസംഗിച്ചു. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആന്റണി, ഫിനാൻസ് മാനേജർ നിക്സണ്, സീഡ്സ് പ്രോജക്ട് കോ ഓർഡിനേറ്റർ ഷാരോണ്, ഡബ്ലുഎസ്എസ് ടീം അംഗങ്ങളായ റോബിൻ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസിൽ എന്നിവർ നേതൃത്വം നൽകി.
കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, സുൽത്താൻ ബത്തേരി ശ്രേയസ്, കോഴിക്കോട് ജീവന എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിൽ കത്തോലിക്കാസഭ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.