ദുരന്ത മുന്നറിയിപ്പിന് ജനപങ്കാളിത്തത്തോടെ പ്രാദേശിക സംവിധാനം വികസിപ്പിക്കണം: എസ്.എം. വിജയാനന്ദ്
1452463
Wednesday, September 11, 2024 5:24 AM IST
കൽപ്പറ്റ: പശ്ചിമഘട്ടത്തിൽ ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളിലെ നഷ്ടം കുറയ്ക്കുന്നതിന് ജനപങ്കാളിത്തത്തോടെ പ്രാദേശിക മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കണമെന്ന് കേരള മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്.
മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങളും പ്രതിവിധികളും ചർച്ചചെയ്യുന്നതിന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, വയനാട് പ്രകൃതി സംരക്ഷണ സമിതി, ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയം എന്നിവ സംയുക്തമായി പുത്തൂർവയലിൽ "വയനാട്: മുണ്ടക്കൈയ്ക്കുശേഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാടിന് സമഗ്ര കാർഷിക, പാരിസ്ഥിതിക, ഭൂവിനിയോഗ ആസൂത്രണം ആവശ്യമാണ്. ജനങ്ങളിൽ പാരിസ്ഥിതിക സാക്ഷരത സൃഷ്ടിക്കുന്നതിനു ഇടപെടൽ ഉണ്ടാകണം. ഖനനം നിയന്ത്രിക്കണം. വാഹകശേഷി നിർണയിച്ച് വിനോദസഞ്ചാരം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിൻ യൂണിവേഴ്സിറ്റി കാലാവസ്ഥ നിരീക്ഷണ വിഭാഗം ഡയറക്ടർ ഡോ. അഭിലാഷ് വിഷായവതരണം നടത്തി.
പശ്ചിമഘട്ടത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും പ്രധാനകാരണം മഴയുടെ വിന്യാസത്തിലും തോതിലും ഉണ്ടായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ചെരിവുകളിലെ ഭൂവിനിയോഗം ശാസ്ത്രീയമാക്കിയും പ്രാദേശികമായി മഴയുടെ അളവ് ട്രാക്ക് ചെയ്തും അപകടങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുരന്തബാധിതരുടെ പുനരധിവാസത്തിനു പ്രകൃതിയെയും മനുഷ്യരെയും പരിഗണിച്ച് ഏറ്റവും യോജ്യമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്ന് കേരള പ്ലാനിംഗ് ബോർഡ് മുൻ അംഗവും ഡോ.എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിലെ മുതിർന്ന ഗവേഷകനുമായ ഡോ. ജയരാമൻ പറഞ്ഞു.
ഭൂപ്രദേശത്തെ മനസിലാക്കിയുള്ള വികസനവും ജീവിതവും ആസൂത്രണം ചെയ്യാൻ കഴിയണമെന്ന് ജല വിഭവ വകുപ്പ് മുൻ ഡയറക്ടർ ഡോ. സുബാഷ് ചന്ദ്രബോസ് പറഞ്ഞു.
ദുരന്ത നിവാരണ മാർഗനിർദേശങ്ങൾ ന്യൂനതകൾ പരിഹരിച്ച് അടിയന്തരമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് മുൻ അംഗം ഡോ.കെ.ജി. താര പറഞ്ഞു. ദുരന്ത സാധ്യതാമാപ്പുകൾ പ്രാദേശികമായി ഉപയോഗിക്കത്തക്ക തരത്തിൽ കുറഞ്ഞ അനുപാതത്തിൽ നിർമിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.
ദുരന്ത പ്രദേശങ്ങളിലെ കാടുകളിൽ പലതും പ്രഥമ വനങ്ങൾ അല്ലെന്നും മരങ്ങൾ മുറിച്ചുമാറ്റിയതിനുശേഷം വളർന്ന ദ്വിതീയ വനങ്ങൾ ആണെന്നും കേരള വനം ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി. സജീവ് പറഞ്ഞു.
ദ്വിതീയ വനങ്ങളിൽ ആവാസവ്യവസ്ഥകളിൽ ഉണ്ടായ ക്ഷതങ്ങൾ ദുരന്ത കാരണമല്ലെന്ന് പറയാൻ കഴിയില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
പാനൽ ചർച്ചയിൽ ഡോ. സ്വാമിനാഥൻ ഗവേഷണ നിലയം മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ സക്കറിയ, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ ഡോ.വി. ഷക്കീല, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്,
സ്വാഗതസംഘം ചെയർമാൻ അഡ്വ.പി. ചാത്തുക്കുട്ടി, ഡോ. ബ്രിജേഷ്, ടി.സി. ജോസഫ്, സാജൻ, കെ. ശരവണകുമാർ, ജി. ബാലഗോപാൽ, കെ. സഹദേവൻ, സുമേഷ് മംഗലശേരി എന്നിവർ പങ്കെടുത്തു. കാമൽ ഹംപ് മലനിരകളുടെ ദുർബലതയും ഈ പ്രദേശങ്ങളിൽ ആവർത്തിക്കുന്ന ഉരുൾപൊട്ടലുകളും കണക്കിലെടുത്ത് ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത പദ്ധതി സർക്കാർ പുനപരിശോധിക്കണമെന്നു പാനൽ ആവശ്യപ്പെട്ടു.