ശൈശവ വിവാഹം: ദല്ലാള്‍ അറസ്റ്റില്‍
1451989
Monday, September 9, 2024 8:23 AM IST
മാനന്തവാടി: പട്ടികവര്‍ഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസില്‍ ദല്ലാള്‍ അറസ്റ്റില്‍. പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ സുനില്‍ കുമാറിനെയാണ്(36)എസ്എംഎസ് ഡിവൈഎസ്പി എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മാതാപിതാക്കള്‍ക്കു നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കളെ പണം നല്കി സ്വാധീനിച്ചും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ ജനന തീയതി തിരുത്തിയുമാണ് ഉന്നത ജാതിയില്‍പ്പെട്ട വടകര സ്വദേശിയുമായി കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്.
ദല്ലാള്‍ ഫീസായി വരനില്‍നിന്നു സുനില്‍കുമാര്‍ വലിയ തുക കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനില്‍കുമാറിനെ അറസ്റ്റു ചെയ്തത്. പോക്സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് പട്ടികവര്‍ഗത്തില്‍പ്പെട്ട കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടെത്തിയിട്ടുണ്ട്.