ശൈലജയ്ക്ക് തയ്യൽ മെഷീൻ, മെഹനയ്ക്ക് സൈക്കിൾ; ഉരുൾ ദുരന്ത ബാധിതർക്ക് രാഹുൽഗാന്ധിയുടെ സ്നേഹസമ്മാനം
1451986
Monday, September 9, 2024 8:23 AM IST
കൽപ്പറ്റ: ശൈലജയ്ക്ക് തയ്യൽ മെഷീൻ, മെഹനയ്ക്ക് സൈക്കിൾ... ഉരുൾ ദുരന്തത്തിൽ ഉള്ളുലഞ്ഞവർക്ക് സാന്ത്വനമായി ലോക്സഭാ പ്രതിപക്ഷേ നേതാവ് രാഹുൽഗാന്ധിയുടെ സ്നേഹ സമ്മാനം. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായ വനിതയാണ് ശൈലജ. ഭർത്താവിനു കൂലിപ്പണിയാണ്. കുടുംബം ചെലവുകൾ ചുരുക്കി മൂത്ത മകളുടെ കല്യാണത്തിന് കൂട്ടിവച്ച സന്പാദ്യം ഉരുൾവെള്ളം കൊണ്ടുപോയി. ചൂരൽമല സ്കൂൾ റോഡിലാണ് കുടുംബം താമസിച്ചിരുന്നത്.
വീട് ഉണ്ടായിരുന്ന സ്ഥലം ഇപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. മക്കളുടെ വിദ്യാഭ്യാസം കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാണ്. മകൻ പഠനത്തിന് വാങ്ങിയ ലാപ്ടോപ് അടവ് തീർന്നതിന്റെ പിറ്റേമാസമാണ് ഉരുപൊട്ടലിൽ നഷ്ടമായത്. ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചിന്തയിൽ നീറുന്നതിനിടെയാണ് രാഹുൽഗാന്ധി മുഖേന ശൈലജയ്ക്ക് തയ്യൽ മെഷീൻ ലഭിച്ചത്.
ചൂരൽമലയിലെ ജംഷീറിന്റെ മകളാണ് മെഹന. ഉരുൾ കവർന്നതിനു പകരം സൈക്കിൾ ലഭിച്ചപ്പോൾ അവളുടെ മുഖത്ത് സന്തോഷപ്പൂത്തിരി കത്തി. ഉരുൾപൊട്ടിയതറിഞ്ഞ് വീട്ടുകാർ ക്വാട്ടേഴ്സുകളിൽനിന്നു ഇറങ്ങി ഓടുന്നതിനിടെ മെഹനയും കൂട്ടുകാരി കിങ്ങിണിയും ഒഴുക്കിൽപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞ് വെള്ളാർമല സ്കൂളിന്റെ പിൻഭാഗത്തുനിന്നാണ് ശരീരമാസകലം മുറിവേറ്റ നിലയിൽ ജംഷീറിന് മകളെ തിരികെ ലഭിച്ചത്. അപ്പോഴേക്കും കിങ്ങിണി മെഹനയുടെ കൈവിട്ടുപോയിരുന്നു.
വെള്ളത്തിൽനിന്നു എടുത്തുകൊണ്ടുവരുന്പോൾ കിങ്ങിണിയെയും പിതാവ് സമ്മാനിച്ച സൈക്കിളിനെയും കുറിച്ചാണ് മെഹന ചോദിച്ചത്. നഷ്ടപ്പെട്ടതിനു പകരം മെഹനയ്ക്ക് സൈക്കിൾ സമ്മാനിക്കുന്നത് വാർഡ് അംഗം സുകന്യയാണ് കോണ്ഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. രാഹുൽഗാന്ധി ലഭ്യമാക്കിയ സൈക്കിൾ വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ മുഖേനയാണ് കഴിഞ്ഞദിവസം മെഹനയുടെ വീട്ടിലെത്തിച്ചത്.