തൊഴിൽ രജിസ്ട്രേഷൻ ക്യാന്പ് സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റയിൽ
1451588
Sunday, September 8, 2024 5:35 AM IST
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ന്യൂനപക്ഷ തൊഴിൽ രജിസ്ട്രേഷൻ ക്യാന്പ് നടത്തും. സംസ്ഥാനതല ഉദ്ഘാടനം 10ന് രാവിലെ 10ന് പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ പങ്കെടുക്കും.
ന്യൂനപക്ഷ വിഭാഗങ്ങളിലെ 18നും 50നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യർക്ക് സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാന്പ് നടത്തുന്നതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ദീൻ ഹാജി, ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ യൂസഫ് ചെന്പൻ, സംഘാടക സമിതി അംഗങ്ങളായ എം.എ. രാജേഷ്, തോമസ് ചെമ്മനം എന്നിവർ കളക്ടറേറ്റിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്ലസ്ടു കഴിഞ്ഞവർക്ക് ക്യാന്പിൽ രജിസ്ട്രേഷൻ നടത്താം. രാവിലെ 8.30ന് രജിസ്ട്രേഷൻ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തി രജിസ്റ്റർ ചെയ്യുന്നവർക്ക് യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭിക്കുന്നതിന് അവസരമൊരുക്കും.