ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണം: ഐഎൻടിയുസി
1450780
Thursday, September 5, 2024 5:15 AM IST
മാനന്തവാടി: ജില്ലയിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. റെജി, റീജണൽ പ്രസിഡന്റ് കെ.വി. ഷിനോജ്, സി.ജെ. അലക്സ്, സാബു പൊന്നിയിൽ, എം.പി. ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുറുവ, തോൽപ്പെട്ടി, മുത്തങ്ങ, മീൻമുട്ടി, സൂചിപ്പാറ കേന്ദ്രങ്ങളാണ് അടഞ്ഞുകിടക്കുന്നത്. ടൂറിസം കേന്ദ്രങ്ങളെ നിത്യജീവിതത്തിനു ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങൾ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതത്തിലാണ്.
ടൂറിസം കേന്ദ്രങ്ങളിൽ സംരംഭങ്ങൾ നടത്തിയിരുന്നവർ കടക്കെണിയിലാണ്. വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിലായവർ ആത്മഹത്യയുടെ വക്കിലാണ്. ഓണക്കാലത്ത് ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിന് സർക്കാർ ആത്മാർഥമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.