എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തെരച്ചിൽ
1443662
Saturday, August 10, 2024 5:42 AM IST
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തെരച്ചിൽ. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് വിഭാഗങ്ങൾക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും അണിനിരന്നു.
ദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തെരച്ചിൽ നടന്നത്. ഇന്നലെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചിൽ. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരിൽ രജിസ്റ്റർ ചെയ്ത 190 പേരും തെരച്ചിൽ സംഘത്തോടൊപ്പം ചേർന്നു. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തെരച്ചിൽ തുടങ്ങിയത്.
ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരൽമല സ്കൂൾ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകർന്ന വീടുകൾക്കരികിൽ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉണ്ടായിരുന്നു.
ഉത്തരമേഖല ഐജി കെ. സേതുരാമൻ തെരച്ചിൽ സംഘത്തിന് നേതൃത്വം നൽകി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തി.
സംശയമുള്ള ഇടങ്ങൾ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു. പോലീസ് ഡോഗ് സ്ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജനപ്രതിനിധികൾ, എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യു ഉദ്യോഗസ്ഥ സംഘം, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ തെരച്ചലിൽ പങ്കാളികളായി. ജില്ലാ ഭരണകൂടം തയാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തിൽ കാണാതായ 131 പേരാണുള്ളത്. ഇവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് മുന്നേറുന്നത്.
അരിച്ചുപെറുക്കി ജനകീയ ദൗത്യസംഘം
ജനകീയ തെരച്ചിലിൽ ആറ് വിഭാഗങ്ങളിലായുള്ള സംഘം പ്രധാനയിടങ്ങളെല്ലാം അരിച്ചുപെറുക്കി. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. അജ്മൽ സാജിത്ത്, സി.കെ. നൂറുദ്ദീൻ, ബീന സുരേഷ്, റംല ഹംസ, എം.എം. ജിതിൻ, രാധാമണി, വി. രാധ തുടങ്ങിയവരും ജനകീയ തെരച്ചിലിൽ പങ്കാളികളായി.
എൻഡിആർഎഫ്- 120, കേരള പോലീസ് കെ 9 സ്ക്വോഡ്, ഫയർ ഫോഴ്സ്- 530, വനപാലകർ- 45, എസ്ഒഎസിലെ 61 പേർ, ആർമി എംഇജി വിഭാഗത്തിലെ 23 അംഗങ്ങൾ, ഐആർബിയിലെ 14 അംഗങ്ങൾ, ഒഡീഷ പോലീസ് ഡോഗ് സ്ക്വോഡ്,
കേരള പോലീസിലെ 780 അംഗങ്ങൾ റവന്യു വകുപ്പിന്റെ ആറ് ടീമുകളിലായുള്ള 50 അംഗങ്ങൾ, 48 ടീമുകളിലായി 864 വോളണ്ടിയർമാർ, 54 ഹിറ്റാച്ചികൾ, ഏഴ് ജെസിബി കൾ എന്നിങ്ങനെ വിപുലമായ സന്നാഹവുമായാണ് തെരച്ചിൽ നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.
വനമേഖലയിൽ വനം വകുപ്പിന്റെ തെരച്ചിൽ
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി വനം വകുപ്പ് കാടിനുള്ളിലെ പരപ്പൻപാറയിലും കലക്കൻ പുഴയിലും പരിശോധന നടത്തി. എസിഎഫ് എം.കെ. രഞ്ജിത്തിന്റെയും റേഞ്ച് ഓഫീസർ കെ. ഹാഷിഫിന്റെയും നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
അതിദുഷ്കരമായ കാട്ടുപാതകൾ താണ്ടി പുഴയോരത്ത് കൂടിയായിരുന്നു തെരച്ചിൽ. ഹെലികോപ്റ്റർ വഴി തുരുത്തുകളിൽ ഇറങ്ങി ഇവിടെയുള്ള പരിശോധനയ്ക്ക് ശേഷമാണ് മറ്റിടങ്ങളിലേക്കും സംഘം നീങ്ങിയത്.
പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന് താഴ്ന്ന് പറക്കാൻ കഴിയാതെ വന്നതോടെ നിരവധി ദൂരം കാടിനകത്തു കൂടി നടന്നാണ് രക്ഷാപ്രവർത്തകർ തിരിച്ചെത്തിയത്. പുഞ്ചിരിമട്ടത്ത് നിന്നു കിലോമീറ്ററുകൾ പിന്നിട്ടാണ് ചാലിപ്പുഴ മലപ്പുറം ജില്ലയിലെ ചാലിയാറിൽ പതിക്കുന്നത്.
വനത്തിനുള്ളിലെ സണ്‍റൈസ് വാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വനപാലകരും ഇതര സേനകളുമടങ്ങുന്ന രക്ഷാപ്രവർത്തക സംഘം പരിശോധന നടത്തിയിരുന്നു. കലക്കൻ പുഴമുതൽ കോളിച്ചുവട് വരെ രണ്ടര കിലോമീറ്റർ ദൂരമാണ് തെരച്ചിൽ പൂർത്തിയാക്കിയത്.
എപിസിസിഎഫ് ജസ്റ്റിൻമോഹൻ, നോർത്തേണ്‍ സർക്കിൾ സിസിഎഫ് ദീപ, നോർത്തേണ്‍ ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്റ് കണ്‍സർവേറ്റർ കീർത്തി തുടങ്ങിയ ഉദ്യാഗസ്ഥരാണ് വനം വകുപ്പിന്റെ തെരച്ചിൽ ഏകോപിപ്പിക്കുന്നത്.
രക്ഷാ ദൗത്യത്തിൽ സേവനനിരതമായത് 500ലേറെ ആംബുലൻസുകൾ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് രാപകൽ ഭേദമന്യേ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി 500ലേറെ ആംബുലൻസുകൾ. ദുരന്തവിവരങ്ങൾ പുറത്തുവന്നതു മുതൽ വിശ്രമമില്ലാത്ത ഓട്ടത്തിലാണവ.
ദുരന്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും ആംബുലൻസുകൾ കുതിച്ചുപാഞ്ഞു. അടുത്ത ഘട്ടത്തിൽ മൃതദേഹങ്ങൾ ആശുപത്രികളിലേക്കും പിന്നീട് അവ സംസ്ക്കരിക്കുന്ന ഇടങ്ങളിലേക്കും കൊണ്ടുപോകാനും ആംബുലൻസുകൾ കർമനിരതമായി.
ആരോഗ്യവകുപ്പിന്റെ കീഴിൽ വിവിധ ആശുപത്രികളിലുള്ള 50 ലേറെ ആംബുലൻസുകളും മോട്ടോർ വാഹന വകുപ്പ് സ്വകാര്യ ആശുപത്രികളിൽ നിന്നും ഏജൻസികളിൽ നിന്നും അടിയന്തരമായി ഏറ്റെടുത്ത 237 ആംബുലൻസുകൾസുകളും രക്ഷാദൗത്യത്തിന്റെ സൈറണ്‍ മുഴക്കി ജില്ലയിൽ തലങ്ങും വിലങ്ങും ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും 200 ഓളം സ്വകാര്യ ആംബുലൻസുകളും ദുരന്ത മേഖലയിൽ സേവനസജ്ജമായി എത്തിച്ചേർന്നു.
ആരോഗ്യവകുപ്പിന്റെ കൈവശമുള്ള രണ്ടെണ്ണം ഉൾപ്പെടെ അത്യാധുനിക സംവിധാനത്തോടെയുള്ള 36 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ ദുരന്തമേഖലകളിലും ആശുപത്രികളിലുമായി അടിയന്തര സേവനങ്ങൾ നൽകി. ജില്ലാ ഭരണകൂടങ്ങളുടെയും ജില്ലാ മെഡിക്കൽ ഓഫീസറിന്റെയും നേതൃത്വത്തിൽ കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്നും 11 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും തൃശൂരിൽ നിന്ന് 10 ഫ്രീസർ ആംബുലൻസുകളും വിവിധ ആശുപത്രികളിലും ക്യാന്പുകളിലും ദുരന്ത മേഖലകളിലും സേവനത്തിൽ മുഴുകിയിരിക്കുകയാണ്.
ദുരന്തമേഖലകളിലെയും ആശുപത്രികളിലെയും സേവനങ്ങൾക്കു പുറമെ ദുരിതാശ്വാസ ക്യാംപുകളിൽ മെഡിക്കൽ സേവനങ്ങളും മരുന്നുകളും ഭക്ഷണങ്ങളും അടിയന്തര സാധനങ്ങളും എത്തിക്കാനും ആംബുലൻസുകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. നിലവിൽ ദുരന്തത്തിനു ശേഷമുള്ള അടിയന്തര ജീവൻ രക്ഷാ പ്രവർത്തനങ്ങൾ കുറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമാണ് ഈ ആംബുലൻസുകൾ.
വയനാട് ആർടിഒ ഇ മോഹൻദാസ്, എൻഫോഴ്സ്മെന്റ് ആർടിഒ കെ.ആർ. സുരേഷ്, ഡെപ്യൂട്ടി ഡിഎംഒ ആൻസി മേരി ജേക്കബ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഇൻചാർജ് ഡോ. ജെറിൻ എസ്. ജെറോഡ്, ഫോർമാൻ രാകേഷ് തുടങ്ങിയരുടെ നേതൃത്വത്തിലുള്ള ടീമാണ് ആംബുലൻസുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്
കോളജ് വിദ്യാർഥികൾക്കായി കോർഡിനേഷൻ സെൽ ആരംഭിച്ചു
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശങ്ങളിലെ കോളജ് വിദ്യാർഥികളുടെ പ്രശ്നപരിഹാരത്തിനും പുനരാധിവാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോർഡിനേഷൻ സെൽ കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ പ്രവർത്തനം തുടങ്ങി. സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്ഥാപനങ്ങൾ, എൻജിനിയറിംഗ് കോളജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരന്ത ബാധിതരായ വിദ്യാർഥികൾക്ക് ഇവിടെ നിന്ന് ആവശ്യമായ സേവനം ലഭിക്കും.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക, പരീക്ഷ എഴുതാനുള്ള സംവിധാനങ്ങൾ ഒരുക്കുക, പുനരധിവാസ നടപടികൾ കൈക്കൊള്ളുക എന്നിവയാണ് സെല്ലിന്റെ ചുമതല. ജില്ലയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപക പ്രതിനിധികളെ ഉൾകൊള്ളിച്ചാണ് സെല്ലിന്റെ പ്രവർത്തനം. വിവരശേഖരണത്തിന് അധ്യാപകരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാന്പുകളിൽ ഹെൽപ്പ് ഡെസ്കും ഉടൻ ആരംഭിക്കും. കോർഡിനേഷൻ സെല്ലിന്റെ നോഡൽ ഓഫീസറായി കൽപറ്റ ഗവ. കോളജ് അധ്യാപകൻ സോബിൻ വർഗീസിനെ ചുമതലപ്പെടുത്തി. 9496810543 എന്ന നന്പറിൽ സെല്ലുമായി ബന്ധപ്പെടാം.
അഞ്ചു കോടിയുടെ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുമെന്ന് ലയണ്‍സ് ക്ലബ്
സുൽത്താൻ ബത്തേരി: ലയണ്‍സ് മൾട്ടിപ്പിൾ 318 ന്റെ നേതൃത്വത്തിൽ ദുരന്തബാധിതർക്ക് അഞ്ചു കോടിയുടെ പുനരധിവാസ പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ഗവണ്മെന്റ് നിർദേശത്തോടെ സേവന പ്രവർത്തനങ്ങൾ രൂപവത്കരിക്കും.
ക്യാന്പുകളിൽ കഴിയുന്നവർക്ക് എട്ടുലക്ഷം രൂപയുടെ പ്രത്യേക പദ്ധതി നടപ്പിലാക്കി. ജില്ലയിലെ ലയണ്‍സ് ക്ലബുകളുടെ നേതൃത്വത്തിൽ ദുരന്ത മേഖലയിലെ വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ, വിവിധ ആരോഗ്യപരിപാലനം, ഭക്ഷണ കിറ്റ് എന്നിവയും നല്‍കും. അർഹരായവർക്ക് വീടും സ്ഥലവും നൽകും. പ്രഫ. വർഗീസ് വൈദ്യർ, ജേക്കബ് സി. വർക്കി, ആർ.സി. ജോണ്സൻ, ഡോ.കെ.എസ്. പ്രസാദ്, സാജു ഐക്കരക്കുന്നത്ത്, ഡോ.എൻ. ശശിധരൻ എന്നിവർ പങ്കെടുത്തു.
അടിയന്തര ധനസഹായം അനുവദിക്കണം: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തമുണ്ടായി ഇത്ര ദിവസം കഴിഞ്ഞിട്ടും ക്യാന്പുകളിലും ബന്ധുവീട്ടിലും താമസിക്കുന്ന ആളുകൾക്ക് സർക്കാരിൽനിന്ന് അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കാത്തത് ഏറെ ഖേദകരമാണ്. എല്ലാം തകർന്നു നയാ പൈസ പോലും ഇല്ലാതെയാണ് ക്യാന്പുകളിലും ബന്ധു വീടുകളിലും ആശുപത്രികളിലും ആയി ഇവർ കഴിയുന്നത്.
ഈ സാഹചര്യത്തിൽ മക്കളുടെ പഠനം അവശ്യകാര്യങ്ങൾ ഉൾപ്പെടെ പല കാര്യത്തിലും ഈ ദുരിതം പേറിയവർ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കേണ്ടതാണ്. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഒരു കുടുംബത്തിന് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
എല്ലാത്തരം ലോണുകളും എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്നും നോട്ടീസോ മറ്റു ബുദ്ധിമുട്ടിക്കുന്ന പ്രവണതയോ ഒഴിവാക്കാനും അത് എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കണമെന്നും എംഎൽഎ പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ ദുരിതത്തിൽ നിന്നും മോചിതരാകുന്നതിന് മുന്‍പ് തന്നെ അവരെ മാനസികമായി പീഡിപ്പിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.
അതുകൊണ്ട് ആ വിഷയത്തിൽ സർക്കാർ ഇടപെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത ലോണുകളും നിസഹായരായ ജനങ്ങൾക്ക് ഒഴിവാക്കി കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ കുട്ടി ചേർത്തു.