പ്രധാനമന്ത്രിയുടെ സന്ദർശനം: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റ സമരപ്പന്തൽ പോലീസ് മറച്ചു
1443625
Saturday, August 10, 2024 4:34 AM IST
കൽപ്പറ്റ: പ്രധാനമന്ത്രി ഇന്നു നടത്തുന്ന വയനാട് സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റ് പടിക്കലെ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂസമരപ്പന്തൽ പോലീസ് മറച്ചു. കളക്ടറേറ്റിലെത്തുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടാത്തവിധമാണ് പന്തൽ പൈപ്പും തുണിയും മറ്റും ഉപയോഗിച്ച് ഇന്നലെ വൈകുന്നേരം മറച്ചത്. സമരപ്പന്തൽ പൊളിച്ചുമാറ്റാനായിരുന്നു പോലീസ് പദ്ധതി. ഉന്നതതല കൂടിയാലോചനയ്ക്കുശേഷമാണ് മറച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയത്.
2015 ഓഗസ്റ്റു മുതൽ കളക്ടറേറ്റ് കവാടത്തിനരികിൽ ഉള്ളതാണ് സമരപ്പന്തൽ. അടിയന്തരാവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുക്കുകയും പിന്നീട് വിജ്ഞാപനം ചെയ്യുകയും ചെയ്ത 12 ഏക്കർ കൃഷിഭൂമി തിരികെ ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥർ മുഖേന നടത്തിയ അന്വേഷണത്തിലും നിയമസഭാ പെറ്റീഷൻസ് കമ്മിറ്റിയുടെ പരിശോധനയിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു അർഹതപ്പെട്ടതാണെന്നു കണ്ടെത്തിയിരുന്നു.
വനം വകുപ്പിനു പറ്റിയ പിശകാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിനുണ്ടായ ദുരനുഭവങ്ങൾക്ക് കാരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയതാണ്. എന്നിട്ടും ഭൂമി തിരികെ നൽകുന്നതിനു സർക്കാർതലത്തിൽ നടപടി വൈകുകയാണ്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സമരപ്പന്തൽ മറച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ സമരപ്പന്തൽ പ്രധാനമന്ത്രി കണ്ടാലുണ്ടാകുന്ന നാണക്കേടോർത്ത് സർക്കാർ നിർദേശാനുസരണമാണ് പന്തൽ മറച്ചതെന്നു കാഞ്ഞിരത്തിനാൽ കുടുംബാംഗം ജയിംസ് ആരോപിച്ചു.