പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നാളെ ഗതാഗത നിയന്ത്രണം
1443353
Friday, August 9, 2024 5:35 AM IST
കല്‍പ്പറ്റ: പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനം കണക്കിലെടുത്ത് നാളെ ജില്ലയില്‍ ഗതാഗത നിയന്ത്രണം. രാവിലെ 10 മുതല്‍ പ്രധാനമന്ത്രി മടങ്ങുന്നതുവരെയാണ് നിയന്ത്രണം ബാധകമാക്കിയത്. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടങ്ങളിലേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങളേ കയറ്റിവിടൂ.
ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും രാവിലെ 10 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതുവരെ കൈനാട്ടി ബൈപാസ് ജംഗ്ഷന് മുതല്‍ മേപ്പാടി വിംസ് ഹോസ്പിറ്റല്‍ വരെയും മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ജനമൈത്രി ജംഗ്ഷന് മുതല്‍ കെഎസ്ആര്‍ടിസി ഗാരേജ് ജംഗ്ഷന് വരെയും ഈ നിയന്ത്രണം ബാധകമാണ്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍
ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ളവ കൈനാട്ടി ജംഗ്ഷനിലൂടെ ബൈപാസില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ബൈപാസിലൂടെ യാത്ര തുടരണം. കോഴിക്കോടുനിന്നു മാനന്തവാടി, ബത്തേരി ഭാഗങ്ങളിലേക്കുള്ളവ ജനമൈത്രി ജംഗ്ഷനിലൂടെ ബൈപാസില്‍ കയറി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത് യാത്ര തുടരണം. വടുവന്‍ചാല്‍ ഭാഗത്തുനിന്നുള്ളവ മൂപ്പൈനാട്-നെടുമ്പാല- തൃക്കൈപ്പറ്റ-മുട്ടിൽ-കൈനാട്ടി വഴി ബൈപാസില്‍ എത്തണം.
ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍നിന്നു കല്പ്പറ്റയ്ക്കുള്ളവ കൈനാട്ടിയില്നിന്നു ബൈപാസില്‍ കയറി യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം.
ചെറിയ വാഹനങ്ങള്‍
ബത്തേരി ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കുള്ളവ കൈനാട്ടി ജംഗ്ഷനില്‍നിന്ന് പുളിയാര്‍മല-മണിയങ്കോട്- മുണ്ടേരി-വേര്‍ഹൗസ് ജംഗ്ഷന്, പുഴമുടി-വെള്ളാരംകുന്ന് വഴി പോകണം.
മാനന്തവാടി ഭാഗത്തുനിന്നു കോഴിക്കോടിനുള്ളവ നാലാംമൈൽ-വെള്ളമുണ്ട-കുറ്റിയാടി വഴി പോകണം. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടിക്കുള്ളവ വൈത്തിരി-പൊഴുതന-പടിഞ്ഞാറത്തറ വഴി പോകണം.
കോഴിക്കോടുനിന്നു ബത്തേരി ഭാഗത്തേക്കുള്ളവ വൈത്തിരി-പൊഴുതന-പടിഞ്ഞാറത്തറ-കമ്പളക്കാട്-പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം.വടുവന്‍ചാല്‍ ഭാഗത്തുനിന്നു കല്പ്പറ്റയ്ക്കുള്ളവ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ-മുട്ടില്‍ വഴി പോകണം.
ചരക്കുവാഹനങ്ങള്‍
ബത്തേരി ഭാഗത്തുനിന്നു കോഴിക്കോടിനുള്ളവ ബീനാച്ചി-കേണിച്ചിറ-പനമരം-നാലാംമൈല്‍ വഴിയോ മീനങ്ങാടി-പച്ചിലക്കാട്-നാലാംമൈല്‍-കുറ്റിയാടി വഴിയോ പോകണം. മാനന്തവാടി ഭാഗത്തുനിന്നു കോഴിക്കോടിനുള്ളവ നാലാംമൈല്‍-വെള്ളമുണ്ട-കുറ്റിയാടി വഴി പോകണം.