നീലഗിരിയിൽ കനത്ത മഴ തുടരുന്നു
1437046
Thursday, July 18, 2024 7:25 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ, ഊട്ടി, കുന്താ, കുന്നൂർ താലൂക്കുകളിൽ കനത്ത മഴ തുടരുകയാണ്. പല ഭാഗങ്ങളിലും മരം വീഴലും മണ്ണിടിച്ചിലുകളുമുണ്ടായി. ദേവർഷോല പഞ്ചായത്തിലെ കുറ്റിമൂച്ചിയിൽ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു. തോട് നിറഞ്ഞു കവിഞ്ഞു.
സമീപത്തെ വയലും നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗൂഡല്ലൂർ കോക്കാലിൽ 50ൽപ്പരം വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടു. കെട്ടിടങ്ങൾക്കും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷവും ഈ മേഖലയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടുത്തെ കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.
വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് കോക്കാലിലെ ആശാ ഭവനിലെ 43 അന്തേവാസികളെ മറ്റ് വൃദ്ധ സദനങ്ങളിലേക്ക് മാറ്റി. ഭൂമിക്കടിയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. ഇവിടെ ജിയോളജിക്കൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പത്ത് സെന്റി മീറ്ററിലാണ് വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. തുറപ്പള്ളി ഇരുവയലിൽ 13 വീടുകളിലേക്ക് വെള്ളം കയറി. പ്രസ്തുത വീടുകളിലെ 45 പേരെ തുറപ്പള്ളി ഗവ. സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി പാർപ്പിച്ചു. ഊട്ടി തമിഴകം മാളിക റോഡിൽ വൈദ്യുതി ലൈനിലേക്ക് മരം വീണു. ലൈൻ പൊട്ടി വൈദ്യുതി തൂണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞു. വാഹനത്തിൽ ആരും ഇല്ലാത്തത് കാരണം വലിയ ദുരന്തം ഒഴിവായി.
ഊട്ടി മേഖലയിൽ 3 ഇടങ്ങളിൽ മരം വീണു. കോത്തഗിരി-കേർപട്ട പാതയിൽ റോഡ് സംരക്ഷണഭിത്തി ഇല്ലാത്തത് കാരണം കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കില്ല. 10 പേരടങ്ങിയ ദുരന്ത നിവാരണ സേന ഗൂഡല്ലൂരിൽ എത്തിയിട്ടുണ്ട്. പാടന്തറയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഗൂഡല്ലൂർ-കുറ്റിമൂച്ചി പാതയിലെ മുക്കൂരിൽ മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടു.