പുൽപ്പള്ളിയിൽ പൊതുവിഭാഗം കർഷകർക്കായി പോത്തുകുട്ടി വിതരണ പദ്ധതി
1436333
Monday, July 15, 2024 6:11 AM IST
പുൽപ്പള്ളി: മാംസോത്പാദന മേഖലയിൽ സ്വയംപര്യാപ്തമാകാനും ഗ്രാമീണ സന്പദ്ഘടനയിൽ മാറ്റം സൃഷ്ടിക്കാനും ഉതകുന്ന ഭക്ഷ്യസുരക്ഷാ സംരംഭവുമായി പഞ്ചായത്ത്.
ശാസ്ത്രീയ അറവുശാലയും മാംസ വിപണന സംവിധാനവും ഒരുക്കുകയെന്ന ലക്ഷ്യവുമായി ജനറൽ വിഭാഗം കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്യുന്ന പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായി. ഒന്നിന് 15,000 രൂപ വിലമതിക്കുന്ന പോത്തുകുട്ടികളെയാണ് പദ്ധതിയിൽ വിതരണം ചെയ്യുന്നത്. 66 ഗുണഭോക്തക്കളാണ് ആദ്യ ഘട്ടത്തിൽ.
മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു പോത്തുകുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. കരുണാകരൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീദേവി മുല്ലക്കൽ, വാർഡ് അംഗം ജോഷി ചാരുവേലിൽ എന്നിവർ പ്രസംഗിച്ചു. മൃഗാശുപത്രി സീനിയർ സർജൻ ഡോ.കെ.എസ്. പ്രേമൻ, പദ്ധതി കോ ഓർഡിനേറ്റർ എ.കെ. രമേശൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ. സുനിത, ബിനോയി ജയിംസ്,
ജീവനക്കാരായ പി.ജെ. മാത്യു, പി.ആർ. സന്തോഷ്കുമാർ, പി.എസ്. മനോജ്കുമാർ, ജയ സുരേഷ് തുടങ്ങിയവർ പോത്തുകുട്ടികൾക്കുള്ള കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്, മരുന്നു വിതരണം, ഇൻഷ്വറൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.