കോട്ടൂർ റോഡ് നിർമാണം: വിവാദം ചൂടുപിടിക്കുന്നു
1431006
Sunday, June 23, 2024 5:58 AM IST
കൽപ്പറ്റ: നെൻമേനി, അന്പലവയൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അന്പുകുത്തി-പടിപ്പറന്പ്-കൃഷ്ണപുരം-കരടിപ്പാറ-പാംബ്ല, കല്ലേരി-കോട്ടൂർ റോഡ് നിർമാണത്തെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. പ്രവൃത്തി മുൻ നിശ്ചയിച്ചതുപ്രകാരം നടത്തണമെന്നു കോട്ടൂർ ആക്ഷൻ കമ്മിറ്റിയും മൂന്നു വർഷം മുന്പ് തയാറാക്കിയ ഡിപിആറിനു അനുസൃതമാകണമെന്ന് തോമാട്ടുചാൽ ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെടുന്നതാണ് വിവാദത്തിനു ആധാരം.
കല്ലേരിയിൽനിന്നു കോട്ടൂരിൽ അവസാനിക്കുന്ന വിധത്തിൽ റോഡ് നിർമിക്കുന്നതിനു ഇടപെടൽ തേടി കോട്ടൂർ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കമ്മിറ്റിക്കുവേണ്ടി കെ. ഇബ്രാഹിം, എ.ആർ. പവിത്രൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. ചിലരുടെ നിക്ഷിപ്ത താത്പര്യമാണ് തോമാട്ടുചാലിൽ അവസാനിക്കുന്ന വിധത്തിൽ ഡിപിആർ തയാറാക്കിയതിനു പിന്നിലെന്ന ആരോപണവും ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നുണ്ട്. അന്പലവയൽ പഞ്ചായത്തിലെ പത്താം വാർഡിലുള്ളതാണ് സമീപപ്രദേശങ്ങളായ കോട്ടൂരും തോമാട്ടുചാലും. ഈ വാർഡിനെ പ്രതിനിധാനം ചെയ്യുന്ന സി.കെ. ഹഫ്സത്താണ് പഞ്ചായത്ത് പ്രസിഡന്റ്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ അനുവദിച്ചതാണ് അന്പുകുത്തിയെ കോട്ടൂരുമായി ബന്ധിപ്പിക്കുന്ന റോഡ് നവീകരണം. 7.8 കിലോമീറ്റർ റോഡ് നിർമാണത്തിന് 9.7 കോടി രൂപയാണ് കണക്കാക്കിയത്. പിഎംജിഎസ് പദ്ധതിയിൽ കെആർ-14/36 നന്പറായാണ് റോഡ് ഉൾപ്പെടുത്തിയത്.
നേരത്തേ വടുവൻചാലിൽനിന്നു കോട്ടൂർ വഴി സുൽത്താൻ ബത്തേരിക്ക് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരുന്നു. ഇതും കണക്കിലെടുത്ത് രാഹുൽ ഗാന്ധി എംപിയുടെ നിർദേശപ്രകാരമാണ് റോഡ് പ്രവൃത്തി കോട്ടൂരിൽ അവസാനിക്കുന്ന വിധത്തിൽ നടത്താൻ തീരുമാനിച്ചതെന്നു കോട്ടൂർ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി. സൈനുദ്ദീൻ, കണ്വീനർ കെ.വി. രമേഷ്, ട്രഷറർ വി. പുഷ്പരാജ് എന്നിവർ പറഞ്ഞു.
കല്ലേരിയിൽനിന്നുള്ള റോഡ് തോമാട്ടുചാലിൽ അവസാനിക്കുന്ന വിധത്തിലാണ് ഡിപിആറും എസ്റ്റിമേറ്റും തയാറാക്കിയത്. ഈ പശ്ചാത്തലത്തിലാണ് കോട്ടൂർ നിവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമസഹായം തേടാൻ തീരുമാനിച്ചത്. കേസിൽ ബന്ധപ്പെട്ട കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഡിപിആർ പ്രകാരമുള്ള റോഡ് പ്രവൃത്തി ടെൻഡർ കഴിഞ്ഞ് എഗ്രിമെന്റ് വയ്ക്കാനിരിക്കുന്ന ഘട്ടത്തിലാണ് രണ്ട് വ്യക്തികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നു തോമാട്ടുചാൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജെ. ജയേഷ്, ടി.എം. ഷമീർ, അബ്ദുൾ ഗഫൂർ, പി. ഷൈജൽ, കെ. പ്രമോദ് എന്നിവർ പറഞ്ഞു. കോട്ടൂർ ആക്ഷൻ കമ്മിറ്റിയുടെ നിലപാടും കേസും പ്രവൃത്തിക്കു തടസമാകാനിടയുണ്ടെന്ന് അവർ അഭിപ്രായപ്പട്ടു.
2020ൽ കേന്ദ്ര ഏജൻസിയുടെ സന്ദർശനവേളയിൽ കല്ലേരിയിൽ നിന്നു കോട്ടൂരിലേക്ക് ആറു മീറ്റർ വീതിയിലും 670 മീറ്റർ നീളത്തിലും ഗതാഗതയോഗ്യമായ റോഡ് ഉണ്ടായിരുന്നു.
കല്ലേരിയിൽനിന്നു തോമാട്ടുചാലിലേക്കുള്ള എട്ട് മീറ്ററിലധികം വീതിയും 1,750 മീറ്റർ നീളമുമുള്ള പാത സഞ്ചാരയോഗ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കല്ലേരിയിൽനിന്നു തോമാട്ടുചാലിൽ അവസാനിക്കുന്ന വിധത്തിൽ ഡിപിആർ തയാറാക്കിയത്.
ജിയോ ടാഗിൽ മാറ്റം വരുത്തി കേന്ദ്ര ഏജൻസി തയാറാക്കിയ ആദ്യ അലൈൻമെന്റാണ് ഇപ്പോഴുമുള്ളത്. ഡിപിആർ പ്രകാരമാണ് റോഡ് പ്രവൃത്തി ടെൻഡർ ചെയ്തത്. പുതിയ ഡിപിആർ തയാറാക്കേണ്ട സാഹചര്യം ഉണ്ടായാൽ റോഡ് പദ്ധതി തന്നെ ഇല്ലാതാകുമെന്നു തോമാട്ടുചാൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കല്ലേരിയിൽനിന്നു കോട്ടൂരിലേക്കുള്ള പാതയും തോമാട്ടുചാലിൽനിന്നു മേനോൻമുക്കിലൂടെ കോട്ടൂരിലേക്കുള്ള രണ്ട് കിലോമീറ്റർ റോഡും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.