രോഗികളുമായി ചുരമിറങ്ങുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്തുകയാണ് പ്രഥമ പരിഗണന: ഒ.ആർ. കേളു
1430838
Saturday, June 22, 2024 5:56 AM IST
മാനന്തവാടി: വയനാട്ടിൽ രോഗികളുമായി ചുരമിറങ്ങുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുത്തിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് നിയുക്ത മന്ത്രി ഒ.ആർ. കേളു. ജില്ല അഭിമുഖീകരിക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ശക്തമായ ഇടപെടൽ തുടർന്നുണ്ടാകുമെന്നും ഒ.ആർ. കേളു പറഞ്ഞു. രോഗികൾക്ക് ചുരമിറങ്ങേണ്ടി വരുന്ന അവസ്ഥ കാലങ്ങളായുള്ള വലിയ പ്രയാസമാണ്. പരമാവധി ചികിത്സ വയനാട്ടിൽ തന്നെ നൽകി രോഗികളെ ചുരം ഇറക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമം നടത്തും.
2021ലാണ് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. ഉദ്ദേശിച്ച രീതിയിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം സാധ്യമായില്ല എന്നത് വസ്തുതയാണ്. ഭൂമി ഏറ്റെടുക്കുന്നതുവരെ കാത്തു നിൽക്കാതെ മാനന്തവാടിയിൽ ഉണ്ടായിരുന്ന ജില്ലാ ആശുപത്രിയാണ് ഇപ്പോൾ മെഡിക്കൽ കോളജായി ഉയർത്തിയത്.
മെഡിക്കൽ കോളജിൽ ഈ സർക്കാരിന്റെ കാലത്തുതന്നെ എംബിബിഎസ് പ്രവേശനം നൽകാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രശ്നമായ വന്യമൃഗശല്യം പരിഹരിക്കാനുള്ള ശക്തമായ ഇടപെടൽ നടത്തി വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരമുണ്ടാക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. ജനങ്ങളുടെ കൂടെയായിരിക്കുവാനാണ് എംഎൽഎ ആയിരുന്ന കാലത്തും ശ്രമിച്ചത്. അത് തുടരുമെന്നും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത മന്ത്രിയാകാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.