പനമരം നീർവാരത്ത് ഭീതിവിതച്ച് കാട്ടാനക്കൂട്ടം
1429666
Sunday, June 16, 2024 6:16 AM IST
പനമരം: നീർവാരത്ത് ഇറങ്ങിയ ആനക്കൂട്ടം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. നാല് ആന അടങ്ങുന്ന കൂട്ടം പയ്യാരത്ത് പരേതനായ പദ്മനാഭൻ നന്പ്യാരുടെ തോട്ടത്തിൽ ഇന്നലെ രാവിലെ എട്ടോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വനസേന മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിൽ വൈകുന്നേരം രണ്ട് കൊന്പൻമാർ കാടുകയറി. ജനവാസ കേന്ദ്രത്തിലുള്ള രണ്ട് ആനയെ തുരത്താൻ ശ്രമം സന്ധ്യകഴിഞ്ഞും തുടരുകയാണ്. ആനകൾ രാത്രി വനത്തിലേക്കു മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനസേന.
നിർവാരത്തെയും സമീപത്തുള്ള അമ്മാനിയിലെയും വിദ്യാലയങ്ങളുടെ പ്രവർത്തനം ഉച്ചകഴിഞ്ഞു രണ്ടോടെ നിർത്തി വിദ്യാർഥികൾ വീടുകളിൽ എത്തിയെന്ന് ഉറപ്പുവരുത്തിയശേഷം നാലോടെയാണ് ആനകളെ തുരത്താൻ ശ്രമം തുടങ്ങിയത്. മാനന്തവാടിയിൽനിന്നു എത്തിയ ആർആർടിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചാണ് ആനകളെ തോട്ടത്തിൽനിന്നു വയലിൽ ഇറക്കിയത്.
ഇവിടെനിന്നു നിർവാരം പാലത്തിന് സമീപം പുഴയിലൂടെയാണ് രണ്ട് കൊന്പൻമാർ അമ്മാനി വനത്തിലേക്ക് നീങ്ങിയത്. ദാസനക്കര മുതൽ കക്കോടൻ ബ്ലോക്ക് വരെ നാല് കിലോമീറ്റർ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നതിന് നിലവിലെ ട്രഞ്ച് ഇടിച്ച് നിരത്തിയതോടെ പകലും ആനകൾ നാട്ടിലിറങ്ങുന്ന സ്ഥിതിയാണന്ന് പഞ്ചായത്തംഗം ജയിംസ് അമ്മാനി പറഞ്ഞു.