മരകാവിലും പെരിക്കല്ലൂരിലും കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
1429453
Saturday, June 15, 2024 5:53 AM IST
പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുൽപ്പള്ളി മരകാവിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മണ്ഡപത്തിൽ ടോമിയുടെ കൃഷിയിടത്തിലെ നിരവധി തെങ്ങുകളും വാഴകളും നശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെയാണ് ആന കൃഷിയിടത്തിലെത്തിയത്.
സമീപവാസിയായ കരുമത്തിൽ ഗോപാലന്റെ തോട്ടത്തിലെ വിളകളും നശിപ്പിച്ചിട്ടുണ്ട്. പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് മറ്റൊരു കാട്ടാനയിറങ്ങിയത്. സ്കൂളിന് തൊട്ടടുത്തുള്ള ചാത്തംകോട്ട് ജോയിച്ചന്റെ പറന്പിലെ വാഴകളാണ് ആന നശിപ്പിച്ചത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
കർണാടക വനത്തിൽ നിന്നുമിറങ്ങിയ ആന കബനി പുഴ കടന്നാണ് പെരിക്കല്ലൂരിലേക്ക് കടന്നത്. പ്രധാന റോഡിലൂടെയും വയലിലൂടെയും സഞ്ചരിച്ചാണ് വീടുകൾക്ക് സമീപമെത്തിയത്. കബനി പുഴയോരത്തോട് ചേർന്ന് തൂക്ക് വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തകർന്നു കിടക്കുന്ന തൂക്ക് വൈദ്യുതി വേലി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയമുണ്ടാകുന്നില്ലെന്നാണ് പരാതി.
പെരിക്കല്ലൂർ തേൻമാവിൻ കടവ് മുതൽ കൊളവള്ളിവരെയുള്ള തീരദേശത്താണ് തൂക്ക് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. തുടക്കത്തിൽ വൈദ്യുതി വേലി കാടുകയറാതെയും മറ്റും പരിപാലിക്കുന്നതിനായി വാച്ചർമാരെ നിയോഗിച്ചിരുന്നു. ഇപ്പോൾ പരിപാലനം നടക്കാതായതോടെ വേലി പ്രവർത്തിക്കാതെയായി.
കഴിഞ്ഞയാഴ്ച മരക്കടവിൽ രണ്ട് ആനകൾ ഇറങ്ങിയത് ഈ തൂക്ക് വൈദ്യുതി വേലി മറികടന്നാണ്. രാവിലെയായിട്ടും ആനകൾ ജനവാസ മേഖലയിൽ നിന്ന് തിരികെ പോകാതായതോടെ വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് രാവിലെ പത്തോടെ ആനയെ കർണാടക വനത്തിലേക്ക് തുരത്തിവിടാനായത്.
പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി ആനകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതിരോധ നടപടിയുമുണ്ടായിട്ടില്ല. തിങ്കളാഴ്ച കുറിച്ചിപ്പറ്റയിൽ കടയുടെ ഷട്ടർ തകർക്കുകയും വേലിയന്പത്ത് തൊഴുത്തിൽക്കെട്ടിയ മൂരിക്കിടാവിനെ കുത്തികൊല്ലുകയും ചെയ്തിരുന്നു. നെയ്ക്കുപ്പ, കുറുവ വനമേഖലയിൽ നിന്നുള്ള ആനകളാണ് നിത്യേന കൃഷിയിടങ്ങളിലെത്തി വിളകൾ നശിപ്പിക്കുന്നത്.
ആനകൾ കൃഷി നശിപ്പിക്കുന്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ വനാതിർത്തിയിലെ തകർന്നുകിടിക്കുന്ന വൈദ്യുതി വേലിയും കിടങ്ങും നന്നാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനാൽ മേഖലയിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം മൂഴിമലയിൽ വീടിന്റെ മുറ്റത്ത് എത്തിയാണ് ആന കൃഷികൾ നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച മരകാവ് സെന്റ് തോമസ് പള്ളിയുടെ തോട്ടത്തിലെ വാഴക്കൃഷി ആന നശിപ്പിച്ചിരുന്നു. വനംവകുപ്പിന്റെ നിസംഗതാ മനോഭാവം തുടർന്നാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.