മഴക്കാലത്ത് കാപ്പിച്ചെടികളിൽ കായ പൊഴിച്ചിൽ: നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന്
1429253
Friday, June 14, 2024 6:08 AM IST
കൽപ്പറ്റ: മഴക്കാലത്ത് കാപ്പിച്ചെടികളിൽ ഉണ്ടാകുന്ന കായ പൊഴിച്ചിൽ തടയുന്നതിന് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കോഫീ ബോർഡ് മുന്നറിയിപ്പ് നൽകി. കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ലഭിക്കുന്ന തുടർച്ചയായ മഴ ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്.
തീർത്തും പ്രതികൂലമായ ഈ കാലാവസ്ഥയിൽ അറബിക്ക, റോബസ്റ്റ ഇനങ്ങളിൽ കറുത്ത അഴുകൽ, ഞെട്ട് ചീയ്യൽ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്നതായി കണ്ടു വരുന്നുണ്ട്. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് കൊണ്ടോ മഴക്കാലത്ത് കണ്ടുവരുന്ന കറുത്ത അഴുകൽ, ഞെട്ട് ചീയ്യൽ തുടങ്ങിയ രോഗങ്ങൾ കൊണ്ടോ ആയിരിക്കും.
അനിയന്ത്രിതവും അസ്വാഭാവികവുമായ കായകളുടെ കൊഴിഞ്ഞു പോക്ക് ശ്രദ്ധയിൽ പെട്ടാൽ ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ ഒഴുക്കി കളയാനാവശ്യമായ സംവിധാനം ഏർപ്പെടുത്തുക, കാപ്പിച്ചെടികളുടെ ചുവട്ടിൽ നിന്ന് ചവറുകൾ നീക്കം ചെയ്ത് നാലു ചെടികളുടെ മധ്യഭാഗത്തേക്ക് മാറ്റിവയ്ക്കുക, ചെടികളിലെ വായു സഞ്ചാരം ഉറപ്പ് വരുത്തേണ്ടതാണെന്ന് ചുണ്ടേൽ കോഫീ ബോർഡ് ജോയന്റ് ഡയറക്ടർ അറിയിച്ചു.