സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി രൂപത വാർഷികം ആഘോഷിച്ചു
1425366
Monday, May 27, 2024 7:34 AM IST
മാനന്തവാടി: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി രൂപതയുടെ 46-ാമത് വാർഷികം ആഘോഷിച്ചു. ദ്വാരക പാസ്റ്ററൽ സെന്ററിൽ നടന്ന വാർഷികാഘോഷം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർ, അനാഥർ, ഏകാന്തതയിൽ കഴിയുന്നവർ തുടങ്ങിയവരെ കണ്ടെത്തി സഹായിക്കുവാൻ സമൂഹത്തിന് കടമയുണ്ടെന്ന് മാർ അലക്സ് താരാമംഗലം പറഞ്ഞു. ഇതൊരു ദൈവവിളിയാണ്. ജീവിതകാരുണ്യ പ്രവർത്തനങ്ങൾ പോലും വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. ജീവകാരുണ്യ പ്രവർത്തകർ വിനയാന്വിതരായിരിക്കണം. അപരനെ സഹോദരനായി കാണുവാൻ സാധിച്ചാൽ അവിടെ പരസ്നേഹം പൂർണമാകും. പ്രവർത്തനങ്ങളിലെ പരിശുദ്ധി നമ്മെ വിശുദ്ധീകരിക്കും.
വിശ്വാസത്തിനും സേവനത്തിനും വേണ്ടി വിളിക്കപ്പെട്ടവരാണ് വിൻസെൻഷ്യൻ പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡന്റ് ബാബു നന്പുടാകം പതാക ഉയർത്തി. റോസമ്മ അയ്യംകുഴയ്ക്കൽ, ബേബി മരിയ പുലിക്കോട്ടിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ബാബു നന്പൂടാകം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസ് മാത്യു മെഴുകനാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഡ്വ. വിൻസെന്റ് റാത്തപ്പള്ളി കണക്കുകളും അവതരിപ്പിച്ചു.
മുൻ ഭാരവാഹികളെ മാർ അലക്സ് താരാമംഗലം ആദരിച്ചു. കെസിബിസി മദ്യവർജനസമിതി രൂപതാ പ്രസിഡന്റ്, സംസ്ഥാന ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി രൂപത കമ്മിറ്റി അംഗം രാജു വലിയാറയെ യോഗത്തിൽ ആദരിച്ചു. ഫാ. ജോണ് എഫ്. ചെറിയവെളി ആത്മീയ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ജോണി പാറ്റാനി, സിസ്റ്റർ ഫിലൊ (എസ്സിവി സുപ്പീരിയർ ജനറൽ), ഫാ. ജോജോ കുടക്കച്ചിറ (സിസി ആത്മീയ ഉപദേഷ്ടാവ്), ഫാ. ബാബു മൂത്തേടം, പ്രിയ ഷൈജൻ തടങ്ങഴി, അമൽരാജ്, രാജു ചൊവ്വാറ്റുകുന്നേൽ, തങ്കച്ചൻ മേപ്പാടത്ത് എന്നിവർ പ്രസംഗിച്ചു. വയനാടിനു പുറമേ കണ്ണൂർ, മലപ്പുറം, നീലഗിരി ജില്ലകളിൽ നിന്നായി 400 ലേറെ പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.