അറുതിയാകാതെ വരടിമൂല നിവാസികളുടെ യാത്രാദുരിതം
1424979
Sunday, May 26, 2024 4:51 AM IST
മാനന്തവാടി: വരടിമൂല നിവാസികളുടെ യാത്രാദുരിതത്തിനു അറുതിയായില്ല. മാനന്തവാടിയിൽനിന്നു വള്ളിയൂർക്കാവിലൂടെ വരടിമൂലയ്ക്കുള്ള റോഡ് 40 വർഷം മുന്പ് ടാർ ചെയ്തതാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിൽ ഇതിനുശേഷം ഒരു പ്രവൃത്തിയും നടന്നില്ല. തിരുനെല്ലി, വള്ളിയൂർക്കാവ് ക്ഷേത്രങ്ങളെ എളുപ്പം ബന്ധിപ്പിക്കുന്നതുമാണ് വരടിമൂലയിലൂടെയുള്ള പാത.
തകർന്ന റോഡിൽ കാൽനട പോലും പ്രയാസമാണ്. രോഗികളെ ആശുപത്രികളിലെത്തിക്കാൻ സാഹസപ്പെടണം. റോഡിലുള്ള കലുങ്ക് 2018ലെ പ്രളയത്തിൽ തകർന്നതാണ്. ഇതു നന്നാക്കാൻ ഇന്നോളം നടപടിയില്ല. കുടിവെള്ള വിതരണക്കുഴൽ സ്ഥാപിക്കുന്നതിനു അടുത്തകാലം റോഡരികിൽ ചാല് കീറിയത് യാത്രാദുരിതം വർധിപ്പിച്ചു.
നടന്നുപോകാൻ കഴിയാത്തവിധമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. 600 മീറ്റർ നവീകരണം നടത്തിയാൽ ഒരു പ്രദേശത്തിന്റെ യാത്രാ ദുരിതത്തിനു പരിഹാരമാകും. എന്നാൽ ഇതിലേക്ക് അധികാരികളുടെ ശ്രദ്ധ പതിയുന്നില്ലെന്ന് വരടിമൂല നിവാസികൾ പറയുന്നു.