നിർമാണത്തിലുള്ള മിൽക്ക് പ്ലാന്റിന്റെ സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞു
1424973
Sunday, May 26, 2024 4:51 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ സ്വകാര്യ കന്പനി നിർമിക്കുന്ന മിൽക്ക് പ്ലാന്റിന്റെ സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞു. വലിയ ഉയരത്തിൽ കരിങ്കല്ലും സിമന്റുകട്ടകളും ഇരുന്പുപൈപ്പും മറ്റും ഉപയോഗിച്ച് നിർമിച്ച സംരക്ഷണ ഭിത്തിയും വീടിനു സമീപത്തേക്കും മാന്പള്ളി പൈലിയുടെ കൃഷിയിടത്തിലേക്കുമാണ് ഇടിഞ്ഞത്.
കൃഷിയിടത്തിലെ റബർ, കമുക്, കാപ്പി കൃഷികൾ നശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. തറനിരപ്പിൽനിന്നു 30 അടിയോളം മണ്ണിട്ടുയർത്തിയാണ് സംരക്ഷണ ഭിത്തിയും മതിലും നിർമിച്ചത്.
നൂറ് മീറ്ററോളം നീളത്തിലാണ് ഭിത്തി തകർന്നത്. സംരക്ഷണ ഭിത്തിക്ക് താഴെയുള്ള നാല് വീടുകൾ അപകട ഭീഷണിയിലാണ്. സംരക്ഷണ ഭിത്തിയുടെ ശേഷിക്കുന്ന ഭാഗവും ഏത് നിമിഷവും തകരുന്ന സ്ഥിതിയിലാണ്. അശാസ്ത്രീയ നിർമാണമാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ. എൽഡിഎഫ് നേതാക്കളായ എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, സി.പി. വിൻസന്റ്, ജോബി കരോട്ടുകുന്നേൽ, കെ.എസ്. സ്കറിയ,
റെജി ഓലിക്കരോട്ട്, പി.എ. മുഹമ്മദ്, പി.എസ്. കലേഷ്, പി.ജെ. പൗലോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പ്രവൃത്തി താത്കാലികമായി നിർത്തിവയ്ക്കണമെന്നും മതിയായ സുരക്ഷ ഒരുക്കിയശേഷം പുനരാരംഭിച്ചാൽ മതിയെന്നും നിർദേശിച്ചു.