ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണം: കെവിവിഇഎസ്
1424228
Wednesday, May 22, 2024 6:13 AM IST
കൽപ്പറ്റ: ജില്ലയിൽ മൂന്നു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിനു ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലയിൽ വനം വകുപ്പിനു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ഇതിനു പിന്നാലെ കോടതി ഉത്തരവും ഉണ്ടായി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തത് നൂറുകണക്കിനു കുടുംബങ്ങളുടെ ഉപജീവനത്തെയാണ് ബാധിച്ചത്.
വിനോദസഞ്ചാരികളെ ജില്ലയിൽനിന്നു അകറ്റാനും ഇത് കാരണമായി. ഇതര പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് ജില്ലയിൽ പ്രവേശനത്തിന് ഇ- പാസ് ഏർപ്പെടുത്തണമെന്ന് അവശ്യപ്പെടുന്ന പ്രകൃതിസ്നേഹികളുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ഒ.വി. വർഗീസ്, ഇ. ഹൈദ്രു, കെ. ഉസ്മാൻ, ജോജിൻ ടി. ജോയ്, പി.വി. മഹേഷ്, എൻ.പി. ഷിബി എന്നിവർ പ്രസംഗിച്ചു.