മഴവെള്ളം കുത്തിയൊഴുകുന്നത് വീടിന് ഭീഷണിയാകുന്നു
1424222
Wednesday, May 22, 2024 6:13 AM IST
സുൽത്താൻ ബത്തേരി: മഴവെള്ളം വീടുകളിലേക്ക് കുത്തിയൊഴുകി എത്തുന്നത് ഭീഷണിയാകുന്നു. സുൽത്താൻ ബത്തേരി-പനമരം റൂട്ടിൽ താഴേ അരിവയൽ പ്രദേശത്തെ മൂന്ന് കുടുംബങ്ങളാണ് മഴവെള്ളം കുത്തിയൊഴുകി എത്തുന്നത് കാരണം ഭീഷണിനേരിടുന്നത്.
കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തപ്പോൾ റോഡിലൂടെ ഒഴുകിയ വെള്ളംമുഴുവൻ പ്രദേശവാസികളായ ഉലകംതറ ഷൈജു, കാവുങ്ങൽ വേലായുധൻ, തേനാരി കുഞ്ഞാത്തു എന്നിവരുടെ വീടുകളിലേക്കാണ് എത്തിയത്. ഇവരുടെ വീട്ടുമുറ്റങ്ങളുടെ വശങ്ങളിലെ കൽകെട്ടുകളിലൂടെയും വീടിന്റെ തറകൾക്കടിയിലൂടെയുമാണ് കുതിച്ചെത്തുന്ന വെള്ളം ഒഴുകുന്നത്. ഇത് വീടുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുകയാണ്.
കൂടാതെ ചെളി മുറ്റത്ത് അടിഞ്ഞുകൂടുന്നത് കാരണം മഴമാറിയാൽ ഇത് കോരി ഒഴിവാക്കണ്ടേ അവസ്ഥയുമാണ്. റോഡ് നവീകരിച്ചപ്പോൾ ഈ ഭാഗത്ത് മഴവെള്ളം ഒഴുകിപോകാനുള്ള ഡ്രൈനേജ് സംവിധാനം ഒരുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്താത്ത തരത്തിൽ റോഡിന്റെ വശങ്ങളിൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.