ഹ്യൂം സെന്ററിൽ പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി
1591303
Saturday, September 13, 2025 5:54 AM IST
കൽപ്പറ്റ: പുളിയാർമലയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിൽ പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുടെയും ലബോറട്ടറികളുടെയും പ്രവർത്തനം അവർ നിരീക്ഷിച്ചു.
ജില്ലയിലെ കാലാവസ്ഥാവ്യതിയാനം, വന്യജീവി പ്രതിരോധം, ആദിവാസി സമൂഹത്തിന്റെ ഭക്ഷണരീതികൾ, പോഷകാഹാരപ്രശ്നങ്ങൾ എന്നിവ എംപിക്കു മുന്നിൽ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ജി. ബാലഗോപാൽ, സാമൂഹിക ശാസ്ത്രജ്ഞ ഡോ.ടി.ആർ. സുമ എന്നിവർ അവതരിപ്പിച്ചു.
ഹ്യൂം സെന്ററിന്റെ പഠനങ്ങൾ ഭാവി തലമുറകൾക്കും നയരൂപീകരണത്തിന് ഭരണസംവിധാനങ്ങൾക്കും മുതൽക്കൂട്ടാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
കൽപ്പറ്റ: പിബ്ല്യുഡി ഗസ്റ്റ് ഹൗസിൽ എംപി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പ്രതിനിധികളുമായി സംസാരിച്ചു.
ടി. സിദ്ദിഖ് എംഎൽഎ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ദുരന്തബാധിതകരായ കർഷകർ, ചെറുകിട വ്യാപാരികൾ, വ്യവസായികൾ, രോഗികൾ എന്നിവർ എംപിയെ കണ്ടത്. ജീവിതപ്രയാസങ്ങൾ ഇവർ എംപിയോട് വിശദീകരിച്ചു.
കൽപ്പറ്റ: ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.ജെ. വിജയപദ്മൻ, ഭാര്യ നമിത എന്നിവരെ പുളിയാർമലയ്ക്കു സമീപം വീട്ടിൽ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ചു.
വയനാട്ടിൽനിന്നുള്ള എംപിയും കോണ്ഗ്രസ് നേതാവുമായിരുന്ന എം.കെ. ജിനചന്ദ്രന്റെ മകനാണ് വിജയപദ്മൻ. 1957ൽ വയനാട് ഉൾപ്പെടുന്ന തലശേരി ലോകസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജിനചന്ദ്രൻ വിജയിച്ചത്. കോണ്ഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായിരുന്നു അദ്ദേഹം.