ഭീരുത്വമാണ് കേന്ദ്ര സർക്കാറിന്റെ മുഖമുദ്ര: സാദിഖലി തങ്ങൾ
1418101
Monday, April 22, 2024 5:48 AM IST
വെങ്ങപ്പള്ളി: ഭീരുത്വമാണ് കേന്ദ്ര സർക്കാറിന്റെ മുഖമുദയെന്ന് മുസ്ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. എതിരാളികളെ ഭയപ്പെടുത്തുകയാണ് സർക്കാർ നിലപാട്. തെരഞ്ഞടുപ്പ് ആസന്നമായ ഘട്ടത്തിൽ തന്നെ അത് മനസിലാക്കാനായതായി തങ്ങൾ ചൂണ്ടിക്കാട്ടി.
വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം വെങ്ങപ്പള്ളി പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച കുടംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിന് വികസന പ്രവർത്തനങ്ങളൊന്നും ചൂണ്ടികാണിക്കാനില്ല. ആകെയുള്ളത് നോട്ട് നിരോധനം മാത്രമാണ്. എന്നാൽ ഇത് സാന്പത്തിക രംഗത്തെ നട്ടെല്ല് ഓടിച്ചു.
ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരുടെ നടുവൊടിക്കുന്നതായിരുന്നു നോട്ട് നിരോധനം. മൻമോഹൻ സിംഗ് സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയെ ഞെക്കി കൊല്ലനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. തൊഴിലുറപ്പിനേക്കാൾ ഗ്യാരണ്ടിയുള്ള ഒന്നും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഗ്യാരണ്ടി പ്രസംഗിക്കാനുള്ളതല്ല, പ്രാവർത്തികമാക്കാനുള്ളതാണെണ് തങ്ങൾ പറഞ്ഞു. ഏക സിവിൽ കോഡ് ഇന്ത്യയുടെ വൈവിധ്യങ്ങൾ ഇല്ലാതാക്കും.
ഓരോ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസ പ്രകാരം ജീവിക്കാനും പരന്പരാഗതമായി തുടരുന്ന ആചരങ്ങൾ ഇല്ലാതാക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ഏക സിവിൽ കോഡ് കാരണമാകും. ജനങ്ങളെ അകറ്റുന്ന സർക്കാറിനെ താഴെയിറക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് യുഡിഎഫ് അധ്യക്ഷൻ ചെയർമാൻ ഉസ്മാൻ പഞ്ചാര അധ്യക്ഷത വഹിച്ചു.
കണ്വീനർ രാജൻ മാസ്റ്റർ, വനിതാലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂർബീന റഷീദ്, ഡോ. റാഷിദ് ഗസലി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി, ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ്പ്രസിഡന്റ് റസാഖ് കൽപ്പറ്റ, സെക്രട്ടറി കെ. ഹാരിസ്, ടി. ഹംസ, ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, റസാഖ് അണക്കായി, മൊയ്തീൻ കല്ലുടുന്പൻ, മുഹമ്മദ് പുനത്തിൽ, ഷംന റഹ്മാൻ, ജോണി ജോണ്, നജീബ്, നാസർ പച്ചൂരാൻ, അൻവർ, രാമൻ, റഹ്മാൻ, സാലിഹ് എന്നിവർ പ്രസംഗിച്ചു.