കബനി കുടിവെള്ള പദ്ധതി: പന്പിംഗ് പുനരാരംഭിച്ചു
1417804
Sunday, April 21, 2024 5:37 AM IST
പുൽപ്പള്ളി: കാരാപ്പുഴ അണയിൽനിന്നു തുറന്നുവിട്ട വെള്ളം കബനി നദിയിൽ മരക്കടവ് ഭാഗത്ത് നിർമിച്ച താത്കാലിക തടയണയിൽ എത്തി. ഇതോടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചയാത്തുകളിൽ വിതരണത്തിനുള്ള വെള്ളം പന്പിംഗ് ജല അഥോറിറ്റി പുനരാരംഭിച്ചു.
കൊടുംചൂടിൽ നദി വറ്റിയതോടെ പന്പിംഗ് ഏപ്രിൽ 15 മുതൽ നിർത്തിവച്ചിരിക്കയായിരുന്നു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിവേദത്തെത്തുടർന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഇടപെട്ടാണ് മരക്കടവിൽ നിർമിച്ച തടയണയിലേക്ക് കാരാപ്പുഴ അണയിൽനിന്നു വെള്ളം തുറന്നുവിട്ടത്.
ബുധനാഴ്ച രാവിലെ അണയുടെ വാൽവ് തുറന്ന് സെക്കൻഡിൽ അഞ്ച് ഘന മീറ്റർ തോതിൽ ഒഴുക്കിയ വെള്ളം 60ൽപരം കിലോമീറ്റർ പിന്നിട്ട് വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് തടയണയിലെത്തിയത്.
ഈ ഭാഗത്ത് ജലനിരപ്പ് ഉയർന്നതോടെ ജല അഥോറിറ്റി പന്പിംഗ് പുനരാരംഭിക്കുകയായിരുന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കബനി നദിയിൽ നിന്നു ദിവസം അഞ്ച് എംഎൽഡി വെള്ളമാണ് എടുക്കുന്നത്.
വെള്ളം കബനിഗിരിയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചശേഷം വീണ്ടും പന്പ് ചെയ്താണ് പാടിച്ചിറ, പുൽപ്പള്ളി എന്നിവിടങ്ങളിലെ സംഭരണിയിയിലും തുടർന്ന് പൈപ്പുകളിലൂടെ വീടുകളിലും എത്തിക്കുന്നത്.
രണ്ട് പഞ്ചായത്തുകളിലുമായി 7,000 ഓളം വീടുകളിലാണ് കബനി ജലം എത്തുന്നത്. നിലവിൽ മരക്കടവിലെ തടയണ കവിഞ്ഞൊഴുകുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴയും നദിയിൽ ജലനിരപ്പ് ഉയരുന്നതിനു സഹായകമായി.