ബോബി ചെമ്മണ്ണൂരിനെ ജനകീയ സമിതി ആദരിച്ചു
1417629
Saturday, April 20, 2024 6:07 AM IST
കൽപ്പറ്റ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൾറഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപ സമാഹരിക്കുന്നതിനു നേതൃത്വം നൽകിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ജനകീയ സമിതി ആദരിച്ചു.
ബോബിയെ ലക്കിടിയിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം. വിജേഷ്, ജനകീയ സമിതി ഭാരവാഹികളായ പി.കെ. അനിൽകുമാർ, പി.പി. ഷൈജൽ, കബീർ, എൻ.ഒ. ദേവസി എന്നിവർ സ്വീകരിച്ച് ഹാരാർപ്പണം നടത്തി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെ കൽപ്പറ്റയിലേക്ക് ആനയിച്ചു.
സർവീസ് സഹകരണ ബാങ്ക് പരിസരത്ത് ആദരണച്ചടങ്ങ് പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ മെമെന്റോ നൽകി. വി. ഹാരിസ് പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. അബ്ദുൾ റഹീമിനായി നടത്തിയ ധനസമാഹരണത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കുമുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച ആദരവെന്ന് ബോബി പറഞ്ഞു.