കക്കടവ് പുഴ വരളുന്നു: ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം
1417411
Friday, April 19, 2024 6:18 AM IST
വെള്ളമുണ്ട: വേനൽ കഠിനമായതോടെ ഗ്രാമപ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാകുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളമില്ലാതെ പല കുടുംബങ്ങളും നട്ടം തിരിയുകയാണ്. വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകൾക്ക് ദാഹജലം നൽകിയിരുന്ന വാരാന്പറ്റ - പുതുശേരി - കക്കടവ് പുഴ നീരൊഴുക്ക് നിലച്ച് മലിനജലം കെട്ടിക്കിടക്കുന്ന കുഴികൾ മാത്രമായിരിക്കുകയാണ്.
ഇതുമൂലം കുടിവെള്ളം ലഭ്യതയും മൃഗപരിപാലനവും മുടങ്ങിയിരിക്കുകയാണ്. പുതുശേരി, കക്കടവ് പുഴയിലൂടെയുള്ള നീരൊഴുക്ക് തടഞ്ഞ് ബാണാസുര ഡാം നിർമിച്ചതോടെ ഡാമിന് താഴെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ കാർഷിക പ്രവർത്തനങ്ങളുടെ താളം തെറ്റി.
വൈദ്യുതി ഉത്പാദനത്തിനുള്ള ജലത്തിനു പുറമേ, കാർഷികാവശ്യത്തിന് കനാലിലൂടെ വെള്ളം ലഭ്യമാക്കിയിരുന്നുവെങ്കിൽ ഇത്തരമൊരു ദുർഗതി ഇരു പഞ്ചായത്തുകളിൽ ഉള്ളവർക്കും നേരിടേണ്ടി വരില്ലായിരുന്നു.
നെൽപ്പാടങ്ങളുടെയും ചതുപ്പുകളുടെയും സംരക്ഷണത്തിന് ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കുകയും സ്വകാര്യ ഭൂമിയിൽ വൃക്ഷങ്ങൾ നിലനിർത്തുന്നതിന് കാർബണ്‍ ന്യൂട്രൽ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുകയും വേണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.