തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ഡികെ
1417408
Friday, April 19, 2024 6:18 AM IST
കൽപ്പറ്റ: ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുട്ടിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണ സംഘങ്ങൾ കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തെളിവുമില്ലാതെയാണ് അരവിന്ദ് കേജരിവാളിനെയും ഷിബു സോറനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ബിജെപിയുമായുള്ള പിണറായി വിജയന്റെ ഒത്തുതീർപ്പാണ് വ്യക്തമാക്കുന്നത്. സാന്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിനും ഭരണം നടത്തുന്നതിനും കേരളത്തിലെ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
എൽഡിഎഫ് സർക്കാർ കൃത്യമായി പെൻഷൻ പോലും കൊടുക്കുന്നില്ല. കർണാടകയിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളും തെലങ്കാനയിൽ നൽകിയ ആറ് ഗ്യാരണ്ടികളും അധികാരത്തിലേറിയപ്പോൾ കോണ്ഗ്രസ് നടപ്പാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കും. ജോഡോ യാത്രയിൽ ഉടനീളം ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയുമായി പങ്കുവച്ചത് യുവാക്കളുടെ തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം എന്നിവയാണ്.
കോണ്ഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമം ഉണ്ടാകും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ അഞ്ച് ഗ്യാരണ്ടികൾ കോണ്ഗ്രസ് നൽകുന്നത്.
ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം പോലെയുള്ള സാധാരണക്കാരെ സഹായിക്കുന്ന നിരവധി നിയമങ്ങളാണ് യുപിഎ സർക്കാർ കൊണ്ടുവന്നത്. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിനിടയിൽ ഇത്തരം ഒരു നിയമം കൊണ്ടുവന്നതായി ബിജെപിക്ക് കാണിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
രാത്രിയാത്രാ വിഷയം, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ കേരളത്തിന് കർണാടക സഹകരണവും പിന്തുണയും നൽകുമെന്നും ശിവകുമാർ പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷനായി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്വീനർ എ.പി. അനിൽകുമാർ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ, കണ്വീനർ പി.പി. അലി, ട്രഷറർ ടി.ജെ. ഐസക്,
യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സലീം മേമന, പോൾസണ് കൂവക്കൽ, എൻ.കെ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.