അഴിമതിയിൽനിന്നു രക്ഷപ്പെടാൻ പിണറായി മോദിയുമായി സന്ധി ചെയ്തു: രേവന്ത് റെഡ്ഡി
1417168
Thursday, April 18, 2024 6:14 AM IST
കോട്ടത്തറ: തന്റെയും കുടുംബാംഗങ്ങളുടെയും അഴിമതിയിൽനിന്നു രക്ഷപ്പെടാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സന്ധി ചെയ്തെന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കോട്ടത്തറ കുറുന്പാലക്കോട്ടയിൽ യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും ഇഡിയും ആദായ നികുതി വകുപ്പും പിണറായിയെ തൊടുന്നില്ല.
വയനാട് മണ്ഡലത്തിൽ തന്റെ സ്ഥാനാർഥി ആനി രാജയോ കെ. സുരേന്ദ്രനോ എന്ന് പിണറായി വ്യക്തമാക്കണം. മണിപ്പുരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ വിഭാഗത്തിനൊപ്പം പ്രധാനമന്ത്രി നിന്നില്ല. മണിപ്പുരിനെ ചേർത്തുപിടിച്ചത് രാഹുൽ ഗാന്ധിയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി.സി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് നേതാവല്ലെന്നും "കമ്മ്യൂണലിസ്റ്റ്’ ലീഡറാണെന്നും രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ജാഥ മേപ്പാടിയിൽ ഉദ്ഘാടനം ചെയ്യവേ രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാനയിലെ 17 സീറ്റിൽ 14ലും ഇന്ത്യാ മുന്നണി വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.പി. ആലി, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സലിം മേമന, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, ഗോകുൽദാസ് കോട്ടയിൽ, കെ. പോൾ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.പി. തങ്കച്ചൻ, മുഹമ്മദലി കോട്ടത്തറ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, പി.കെ. അഷ്റഫ്, പോൾസൻ കൂവക്കൽ എന്നിവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു.