രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്
1415556
Wednesday, April 10, 2024 5:44 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ നിയോജക മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കണ്‍വൻഷനുകൾ പൂർത്തീകരിച്ചു.
ഓരോ നിയമസഭ മണ്ഡലത്തിലെയും പ്രചാരണ പ്രവർത്തനങ്ങൾ നേതാക്കൾ നേരിട്ടെത്തി വിലയിരുത്തി. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ വോട്ട് അഭ്യർഥന പ്രവർത്തകരുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും എത്തിച്ചു കഴിഞ്ഞു.
കുടുംബ സംഗമങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ തുടക്കമാകും. ദേശീയ, സംസ്ഥാന നേതാക്കൾ വരുംദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ എ.പി. അനിൽകുമാർ എംഎൽഎ, ടി. സിദ്ദിഖ് എംഎൽഎ, വർക്കിംഗ് ചെയർമാൻ സി.പി. ചെറിയ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നിലന്പൂർ, വണ്ടൂർ, തിരുവന്പാടി, മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നീ നിയോജക മണ്ഡലങ്ങളിൽ അവലോകനയോഗം ചേർന്നു.
വിവിധ മണ്ഡലങ്ങളിൽ ആര്യാടൻ ഷൗക്കത്ത്, ജമീല ആലിപ്പറ്റ, വി.എസ്. ജോയ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എൻ.ഡി. അപ്പച്ചൻ, ടി. മുഹമ്മദ്, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, ഇസ്മയിൽ മൂത്തേടം, പി.ടി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.