സിദ്ധാർഥന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്
1396862
Saturday, March 2, 2024 5:33 AM IST
കൽപ്പറ്റ: പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല കാന്പസിലെ രണ്ടാംവർഷ ബിവിഎസ്സി വിദ്യാർഥി സിദ്ധാർഥനെ(21) ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്കെതിരേയും മാതൃകാപരമായ നിയമനടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
എസ്എഫ്ഐ വിദ്യാർഥികളുടെ ആൾക്കൂട്ടി വിചാരണയും അതിക്രൂര മർദ്ദനവുമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമായതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. നാളത്തെ തലമുറയെ വാർത്തെടുക്കേണ്ട കാന്പസുകളിൽ ചോരച്ചാൽ വീഴ്ത്തുന്ന എസ്എഫ്ഐ ഗുണ്ടാസംഘത്തെ നിലയ്ക്ക് നിർത്താൻ സമൂഹം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
പ്രതികളെ ഭരണത്തിന്റെ തണലുപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപിക്കും. സംഭവത്തിൽ പ്രതികളെ സഹായിക്കുന്ന തരത്തിൽ കോളജ് അധികാരികൾ നടത്തിയ ഇടപെടലുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.