എൽഡിഎഫ് സ്ഥാനാർഥി ആനിരാജയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി
1396858
Saturday, March 2, 2024 5:33 AM IST
മാനന്തവാടി: വയനാട് പാർലമെന്റ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി ജില്ലയിലേക്ക് എത്തിയ ആനിരാജയ്ക്ക് എൽഡിഎഫ് സ്വീകരണം നൽകി. അതിർത്തി പ്രദേശമായ ബോയ്സ് ടൗണിൽ നിന്നു രാവിലെ 10 ഓടെ നിരവധി ബൈക്കുകളുടെ അകന്പടിയോടെ തുറന്ന വാഹനത്തിലാണ് ആനി രാജയെ മാനന്തവാടിയിലേക്ക് ആനയിച്ചത്.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നു ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. റോഡ് ഷോ മാനന്തവാടി ടൗണ്‍ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു.
മുതിർന്ന സിപിഎം നേതാവ് കെ.വി. മോഹനന്റെ വീട്സന്ദർശിച്ച ശേഷം കാട്ടികുളത്ത് നടക്കുന്ന വിത്ത് ഉത്സവത്തിൽ എത്തി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. വർഷങ്ങളായി പരിക്കേറ്റ് കിടക്കുന്ന വടക്കേ വയനാട് മുൻ എംഎൽഎ കെ.സി. കുഞ്ഞിരാമന്റെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് ബത്തേരിയിലും കൽപ്പറ്റയിലും നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാനായി ആനി രാജ പോയത്.
കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപ് മണ്ഡലത്തിൽ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ.