സിദ്ധാർഥന്റെ കുടുംബത്തിന് നീതി ലഭിക്കുംവരെ സമരം: എൻ.ഡി. അപ്പച്ചൻ
1396642
Friday, March 1, 2024 5:30 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും പ്രതികൾക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോളജ് കവാടത്തിന് മുന്പിൽ അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സമരം ഉദ്ഘാടനം ചെയ്തു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പൂക്കോട് വെറ്ററിനറി കോളജിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വിദ്യാർഥിയെ നിരന്തരമായി അതിക്രൂരമായി മർദിച്ച് ആൾക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കി കൊലപ്പെടുത്തുക തന്നെയാണ് ഇവിടെ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള ഹീനമായ കൃത്യം നടന്നിരിക്കുന്നത്. സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതികൾക്ക് രാഷ്ട്രീയ നേതൃത്വം സംരക്ഷണം ഒരുക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എത്രയും വേഗം പ്രതികളെ മുഴുവൻ പിടികൂടിയില്ലെങ്കിൽ കോണ്ഗ്രസ് സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെഎസ്യു ജില്ലാപ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. വൈത്തിരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ്, ജ്യോതിഷ് കുമാർ, രാമചന്ദ്രൻ വൈത്തിരി, അതുൽതോമസ്, ശ്രീലാൽ എസ്, ഷമീർ വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു.